20 November Wednesday

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നേരിടും; എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019

ന്യൂഡൽഹി > ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാനുള്ള ആഹ്വാനവുമായി എസ്‌എഫ്‌ഐയുടെ അഖിലേന്ത്യ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മധുരയിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിലെ പ്രൊഫ. ടി ജയരാമൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ തുടങ്ങിയവർ പങ്കെടുത്തു. ദിനിത്‌ ദണ്ഡ അധ്യക്ഷനായി 20 അംഗ പ്രൊഫഷണൽ സബ്‌ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

എൻജിനീയറിങ്‌, മെഡിക്കൽ, നിയമം തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിൽ കടുത്ത പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന്‌ സമ്മേളനം വിലയിരുത്തി. സ്വകാര്യ മേഖല ശക്തിപ്രാപിക്കുന്നതിനൊപ്പം പൊതുവിദ്യാഭ്യാസ മേഖലയെ തുരങ്കംവെയ്‌ക്കുന്ന നീക്കങ്ങളും ശക്തമാണ്‌. പുതിയ ദേശീയ വിദ്യാഭ്യാസ നയം, ദേശീയ മെഡിക്കൽ കൗൺസിൽ ബിൽ എന്നിവ വലിയ ആശങ്കയാണ്‌ ഉയർത്തുന്നത്‌. വ്യാജ ധാരണകൾ പാഠ്യവിഷയങ്ങളാക്കുന്നതും തൊഴിലില്ലായ്‌മ അടക്കമുള്ള പ്രശ്‌നങ്ങളും സമ്മേളനം ചർച്ച ചെയ്‌തു.

വൻതോതിൽ ഫീസ്‌ വർധിപ്പിക്കുന്നതിനൊപ്പം അണ്ണ സർവകലാശാലയിലെ ഐടി ബിടെക്‌ കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ വേദങ്ങളും ഉപനിഷത്തും ഉൾപ്പെടുത്തിയതിനു സമാനമായ നീക്കങ്ങളും നടക്കുന്നു. ഇവയ്‌ക്കെതിരെ ശക്തമായ തുടർ പോരാട്ടം സംഘടിപ്പിക്കുമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു. വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ പാസാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top