20 May Monday

ആരോപണങ്ങൾ പൂർണമായും നിഷേധിച്ച‌് സെക്രട്ടറി ജനറൽ

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

ന്യൂഡൽഹി> സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരായ ആരോപണങ്ങളെ പൂർണമായും തള്ളിക്കളയുന്ന വിശദീകരണമാണ‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ മാധ്യമങ്ങൾക്ക‌് നൽകിയത‌്. ‘കാരവാൻ, ‘വയർ’, ‘സ‌്ക്രോൾ.ഇൻ’ തുടങ്ങിയ മാധ്യമങ്ങളാണ‌് വിശദീകരണം തേടിയത‌്.

വിശദീകരണത്തിന്റെ സംക്ഷിപ‌്ത രൂപം ചുവടെ.

ലോവർ ഡിവിഷൻ ക്ലാർക്കെന്ന നിലയിൽ ജോലിചെയ‌്തിരുന്ന യുവതി സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിന്റെ ഔദ്യോഗികവസതിയിൽ ജോലിചെയ‌്തിരുന്നു എന്നത‌് യാഥാർഥ്യമാണ‌്. ആ സമയം മറ്റ‌് നിരവധി ജീവനക്കാരും അവിടെ ജോലി ചെയ‌്തിരുന്നു. ഏത‌് സമയത്തും അഞ്ചോ ആറോ ജീവനക്കാർ ചീഫ‌് ജസ്റ്റിസിന്റെ ഓഫീസിൽ സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്നു.

ഹ്രസ്വമായ കാലയളവിൽമാത്രമാണ‌് പരാതിക്കാരി ചീഫ‌് ജസ്റ്റിസിന്റെ ഓഫീസിൽ ജോലി ചെയ‌്തിരുന്നത‌്. ജോലിയുടെ സ്വഭാവപ്രകാരം ചീഫ‌് ജസ്റ്റിസുമായി ഒരു രീതിയിലും അടുത്ത‌് ഇടപെടാനുള്ള സാഹചര്യം അവർക്കുണ്ടായിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ‌് അവരെ സർവീസിൽനിന്ന‌് നീക്കിയത‌്. അവരുടെ ബന്ധുവിനെ താൽക്കാലിക അടിസ്ഥാനത്തിലാണ‌് കോടതിയിൽ നിയമിച്ചിരുന്നത‌്. ജോലിയും പെരുമാറ്റവും തൃപ‌്തികരമല്ലാത്തതിനെത്തുടർന്നാണ‌് അദ്ദേഹത്തെ ജോലിയിൽനിന്ന‌് പിരിച്ചുവിട്ടത‌്. പിരിച്ചുവിടപ്പെട്ട യുവതി ചീഫ‌് ജസ്റ്റിസിന്റെ ഓഫീസുമായി നിരന്തരം  ബന്ധപ്പെടുന്നത‌് ശരിയല്ലാത്തതിനാൽ ഡൽഹി പൊലീസിൽ ഈ കാര്യം ചൂണ്ടിക്കാണിച്ച‌് പരാതി നൽകിയിരുന്നു.

സുപ്രീംകോടതിയിൽ ജോലി ശരിയാക്കി നൽകാമെന്ന‌് വാഗ‌്ദാനംചെയ‌്ത‌് കൈക്കൂലി വാങ്ങിയതിന‌് യുവതിക്ക‌് എതിരെ കേസ‌് നിലവിലുണ്ട‌്. ഇവരുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി ഡൽഹി കോടതി ഈ മാസം 20ന‌് പരിഗണിക്കും.  ഈ സാഹചര്യത്തിൽ അടിസ്ഥാനരഹിതവും അവഹേളനപരവുമായ ആരോപണങ്ങൾക്ക‌ു പിന്നിലുള്ള ഉദ്ദേശ്യം ദുരൂഹമാണ‌്. പരാതിക്കാരിക്കും അവരുടെ ബന്ധുക്കൾക്കും എതിരെ നിരവധി ക്രിമിനൽക്കേസുകൾ നിലവിലുണ്ട‌്.

പരാതിക്കാരിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ‌്ചയും മോശംപെരുമാറ്റവും ചൂണ്ടിക്കാണിച്ച‌് നിരവധി പരാതികൾ ചീഫ‌് ജസ്റ്റിസിന്റെ സെക്രട്ടറിയറ്റിന‌് ലഭിച്ചിട്ടുണ്ട‌്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ‌് അവരെ ചീഫ‌് ജസ്റ്റിസിന്റെ ഓഫീസിൽനിന്ന‌് മാറ്റുന്നത‌്. അവർക്കെതിരെ നിലവിലുള്ള കേസുകളിലെ നടപടികൾ തടയാനുള്ള സമ്മർദതന്ത്രം എന്ന നിലയിലാണ‌് ഇത്തരം ആരോപണങ്ങളെ നോക്കിക്കാണേണ്ടത‌്.
 
പരാതിക്കാരിക്കും അവരുടെ ആരോപണങ്ങൾക്കും പിന്നിൽ നിയമസംവിധാനത്തെതന്നെ അപകീർത്തിപ്പെടുത്താനും അശക്തമാക്കാനും ലക്ഷ്യമിട്ട‌് പ്രവർത്തിക്കുന്ന ശക്തികളുണ്ടോയെന്ന‌് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top