31 March Tuesday

ഒരു സീറ്റ് പൂജാമുറിയാക്കി, വിളക്കുകൊളുത്താന്‍ ടിടി ഇയും; മോഡി ഉദ്ഘാടനം ചെയ്ത ട്രെയിന്‍ വിവാദത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

വാരാണസി> വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിനില്‍ പൂജാമുറി സജീകരിച്ചത് വിവാദമാകുന്നു. വാരണസി-- ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസില്‍ ഒരു സീറ്റ് ചെറിയ ക്ഷേത്രമാക്കി മാറ്റിയതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റാണ് പൂജയ്ക്കായി ഒരുക്കിയത്. ഇന്‍ഡോറിനു സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍, വാരാണസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിന്റെ യാത്ര.


എല്ലാ ദിവസവും ട്രെയിനില്‍ ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണു അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ആദ്യ ട്രിപ്പില്‍ സൈഡ് ലോവര്‍ ബെര്‍ത്താണു പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.

ദൈവങ്ങളുടെ ചിത്രങ്ങള്‍ സീറ്റില്‍ വച്ചിട്ടുണ്ട്. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യുന്നവര്‍ക്കുപോലും സീറ്റ് ഉറപ്പാകാതിരിക്കുന്ന സാഹചര്യത്തില്‍ ഒരു സീറ്റ് പൂജയ്ക്കായി മാറ്റിവച്ചതിനെ സമൂഹമാധ്യങ്ങള്‍ ചോദ്യം ചെയ്യുകയാണ്. തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമമെങ്കിലും പുതിയ ട്രെയിനില്‍ തീപ്പെട്ടിയുമായി നില്‍ക്കുന്നതു ടിടിഇയാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top