25 May Monday

അധികാരത്തിനൊപ്പം സഞ്ചരിച്ച സിന്ധ്യ കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ഭോപാൽ> സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അധികാര രാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിച്ച ചരിത്രമാണ്‌ ഗ്വാളിയോർ രാജകുടുംബത്തിന്റേത്‌. ഭരണമാറ്റത്തിനനുസരിച്ച്‌ വിവിധ പാർടികളിൽ സിന്ധ്യ കുടുംബം നിലയുറപ്പിച്ചു. ഗ്വാളിയോർ രാജവംശത്തതിലെ ഇളമുറക്കാരനായ ജ്യോതിരാദിത്യ കോൺഗ്രസിലെ രാഹുൽ ബ്രിഗേഡിലെ കരുത്തനായിരുന്നു. 
1971 ജനുവരി ഒന്നിന്ന്‌ മാധവറാവു സിന്ധ്യയുടെയും മാധവി രാജിന്റെയും മകനായി ജനനം.  2001 ഡിസംബറിൽ  മാധവറാവു സിന്ധ്യ വിമാനാപകടത്തിൽ മരിച്ചശേഷം നടന്ന  ഉപതെരഞ്ഞെടുപ്പിൽ ഗുണയിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി പാർലമെന്റിലെത്തി. 2004ലും 2009ലും 2014ലും വിജയമാവറത്തിച്ചു. 2007മുതൽ 2012വരെ കേന്ദ്രസഹമന്ത്രി. 2019ൽ കൃഷ്‌ണപാൽ യാദവ്‌ സിങ്ങിനോട്‌ പരാജയപ്പെട്ടു.

മാധവറാവു സിന്ധ്യ
വിജയരാജ സിന്ധ്യയുടെയും ഗ്വാളിയോർ രാജാവ്‌ ജീവാജി റാവുവിന്റെയും മകൻ. 26–-ാം വയസ്സിൽ 1971ൽ ഗ്വാളിയോറിൽനിന്ന്‌ ജനസംഘം സ്ഥാനാർഥിയായി ആദ്യജയം.  1977ൽ ഗുണയിൽനിന്ന്‌ സ്വതന്ത്രനായി ജയം. 1980ൽ ഗുണയിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി  ലോക്‌സഭയിലേക്ക്‌. 1984ൽ ഗ്വാളിയോറിൽ എ ബി വാജ്‌പേയിയെ  പരാജയപ്പെടുത്തി. രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ അംഗം. അർജുൻസിങ്ങിനൊപ്പം മധ്യപ്രദേശ്‌ വികാസ്‌ കോൺഗ്രസിൽ. കോൺഗ്രസിൽ തിരിച്ചെത്തിയ മാധവറാവു 2001ൽ വിമാനാപകടത്തിൽ മരിച്ചു.

വിജയരാജ സിന്ധ്യ
താക്കൂർ മഹേന്ദ്ര സിങ്ങിന്റെയും ചുട ദേവേശ്വരി ദേവിയുടെയും മകളായി മധ്യപ്രദേശിലെ സാഗറിൽ 1919 ഒക്‌ടോബർ 12ന്‌ ജനനം. 1957ൽ ഗുണയിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി വിജയിച്ചു. 1962ൽ ഗ്വാളിയോറിലും വിജയമാവർത്തിച്ചു. 1967ൽ സ്വതന്ത്ര പാർടി സ്ഥാനാർഥിയായി ഗുണയിൽ വിജയിച്ചു. 1967ൽ കരേര നിയമസഭാമണ്ഡലത്തിൽനിന്ന്‌ എംഎൽഎ. ജനസംഘം സ്ഥാനാർഥിയായി 1971ൽ ഭിണ്ഡിൽനിന്ന്‌ ലോക്‌സഭയിൽ. 1980ൽ റായ്‌ ബറേലിയിൽ ഇന്ദിര ഗാന്ധിയോട്‌ പരാജയപ്പെട്ടു. 1989,1991,1996,1998 തെരഞ്ഞെടുപ്പിൽ ഗുണയിൽനിന്ന്‌ വിജയിച്ചു.  2001 ജനുവരി 25ന്‌ അന്തരിച്ചു.

വസുന്ധര രാജ സിന്ധ്യ
വിജയരാജ സിന്ധ്യയുടെയും ജീവാജി റാവുവിന്റെയും മകൾ. 1984ൽ ബിജെപിയുടെ ദേശീയ നിർവാഹകസമിതിയിൽ. ധോൽപുരിൽനിന്ന്‌ രാജസ്ഥാൻ നിയമസഭയിലെത്തി. 1989മുതൽ 2003വരെ ലോക്‌സഭാംഗം.  2003 –- 2008 , 2013–- 2018 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രി. 1998 –- 1999ൽ കേന്ദ്രമന്ത്രി.

യശോധര രാജ സിന്ധ്യ
വസുന്ധരയുടെയും മാധവറാവുവിന്റെയും സഹോദരി. അഞ്ചുതവണ മധ്യപ്രദേശ്‌ നിയമസഭയിൽ ബിജെപി എംഎൽഎ. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ അംഗം. 2007 ഗ്വാളിയോർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു.


പ്രധാന വാർത്തകൾ
 Top