12 September Thursday

പട്ടികജാതി സംവരണം : ഉപവർഗീകരണം ആകാം ; സുപ്രധാന വിധിയുമായി ഭരണഘടനാബെഞ്ച്

എം അഖിൽUpdated: Thursday Aug 1, 2024



ന്യൂഡൽഹി
പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ വിധിച്ചു.  പട്ടികജാതിയിൽത്തന്നെ കൂടുതൽ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക്‌ തുല്യതയും പ്രാതിനിധ്യവും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉപവർഗീകരണം നടത്താമെന്ന്‌ ഭരണഘടനാബെഞ്ച്‌ വിധിച്ചു. പട്ടികജാതി, പട്ടികവര്‍​ഗ വിഭാ​ഗത്തിലെ മേല്‍ത്തട്ടുകാരെ കണ്ടെത്തി സംവരണ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ നയംരൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.   ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അടങ്ങുന്ന ഏഴംഗ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട്‌ വിയോജിച്ച്‌ ജസ്റ്റിസ്‌ ബേലാ എം ത്രിവേദി ഭിന്നവിധി പുറപ്പെടുവിച്ചു.

പട്ടികവിഭാ​ഗത്തില്‍ ഉപവർഗീകരണം പാടില്ലെന്ന ഇ വി ചിന്നയ്യ കേസിലെ (2004) അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധിയാണ്‌ ഏഴംഗ ഭരണഘടനാബെഞ്ച്‌ റദ്ദാക്കിയത്‌.  പട്ടിക വിഭാഗത്തിൽ കൂടുതൽ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക്‌ അനുയോജ്യമായ പരിഗണന നൽകുന്നതിന്‌ സംസ്ഥാനങ്ങൾക്ക്‌ അനുമതി നൽകുന്നതാണ്‌ വിധി.

  ‘പട്ടികവിഭാഗത്തിൽ സാമൂഹികമായി ഭിന്നജാതികൾ ഉള്ളതിനാൽ ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ നൽകുന്ന അധികാരം ഉപയോഗിച്ച്‌ സർക്കാരുകൾക്ക്‌ പട്ടികജാതികളെ പിന്നെയും വർഗീകരിക്കാം. ഉപവർഗീകരണത്തിനുള്ള അധികാരം ഈ വിഷയത്തിൽ പാർലമെന്റിനുള്ള അധികാരങ്ങൾക്ക്‌ എതിരല്ല. ഏതെങ്കിലും ജാതിക്ക്‌ മതിയായ പ്രാതിനിധ്യമില്ലെങ്കിൽ ആ വസ്‌തുത ആധികാരികമായി സ്ഥാപിച്ച്‌ സർക്കാരുകൾക്ക്‌ ഉപവർഗീകരണം നടത്താം. കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാകണം ഉപവർഗീകരണം’– -വിധിയിൽ പറയുന്നു.

പട്ടികജാതിക്കുള്ളിൽത്തന്നെ കൂടുതൽ പിന്നാക്കാവസ്ഥയിലുള്ളവരെ സഹായിക്കാനുള്ള ഇടപെടലുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ പ്രത്യേക വിധിന്യായത്തിൽ നിരീക്ഷിച്ചു. അതേസമയം, പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിനുമാത്രം 100 ശതമാനം സംവരണം അനുവദിക്കാൻ പാടില്ല. എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ മേൽത്തട്ടിനെ കണ്ടെത്തി ഉപവർഗീകരണത്തിന്റെ ആനുകൂല്യങ്ങളിൽനിന്ന്‌ ഒഴിവാക്കാനുള്ള നയം രൂപീകരിക്കണം. ഈ രീതിയിലുള്ള നയമുണ്ടായാല്‍ മാത്രമേ  ഭരണഘടന വിഭാ​വനം ചെയ്ത തുല്യത എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകു. എസ്‌സി, എസ്‌ടി  മേല്‍ത്തട്ട് നിശ്ചയിക്കാനുള്ള മാനദണ്ഡം ഒബിസി മേല്‍ത്തട്ട് നിശ്ചയിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും  അദ്ദേഹം നിർദേശിച്ചു. ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌യുടെ നിരീക്ഷണങ്ങളോട്‌ ഭരണഘടനാബെഞ്ചിലെ മറ്റ്‌ അംഗങ്ങളായ ജസ്റ്റിസ്‌ വിക്രംനാഥ്‌, ജസ്റ്റിസ്‌ പങ്കജ്‌ മിത്തൽ, ജസ്റ്റിസ്‌ സതീഷ്‌ചന്ദ്ര ശർമ എന്നിവർ യോജിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top