05 November Tuesday

കശ്മീർ ഫലവും ഹൈജാക്ക് ചെയ്യപ്പെടുമോ; നാമനിർദ്ദേശ അധികാരത്തിനെതിരായ ഹരജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ന്യൂഡൽഹി> ജമ്മു കശ്മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ അധികാരം ഭരണഘടനയുടെ അനുച്ഛേദം
32 പ്രകാരം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. മൗലികാവകാശം ലംഘിക്കപ്പെട്ടതായി കണക്കാക്കി പരിഗണിക്കാനാവില്ല. എന്നാൽ ഈ വിഷയത്തിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

അനുച്ഛേദം 226 അനുസരിച്ച് റിട്ട് പെറ്റിഷനുമായി ഹൈക്കോടതിയെ സമീപിക്കാമെന്നാണ് ജസ്റ്റിസുമാരായ സജീവ് ഖന്നയും സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചത്. നിലവിൽ ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്താൻ സുപ്രീംകോടതിക്ക് കഴിയില്ല.

2019ലെ കശ്മീർ പുനഃസംഘടന നിയമമനുസരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 90 അംഗങ്ങൾക്കുപുറമെ 5 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണറിൽ നിക്ഷിപ്തമാക്കിയിരുന്നു. ഭരണം തന്നെ അട്ടിമറിക്കാൻ ലഫ്റ്റനന്റ് ഗവർണർ വഴി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷികൾക്ക് ഇതുവഴി സാധ്യമാവും.

വോട്ടിങ് അധികാരം വരെയുള്ള അംഗങ്ങളാണ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല എന്നത് മാത്രമാണ് മറ്റ് അംഗങ്ങളിൽ നിന്നുള്ള വ്യത്യാസം.   ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് രവീന്ദർ കുമാർ ശർമ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

2019ൽ നിയമം അവതരിപ്പിക്കുന്ന സമയത്ത് രണ്ട് അംഗങ്ങളെയാണ് അനുവദിച്ചത്. പിന്നീട് തന്ത്രപൂർവ്വം 2023ൽ അഞ്ചാക്കി ഉയർത്തി.

ലഫ്റ്റനന്റ് ഗവർണക്കുള്ള ഈ അധികാരം ഇതുവരെ ഉപയോഗിക്കപ്പെടാത്തതുകൊണ്ടുതന്നെ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാവും നല്ലതെന്നാണ് ജസ്റ്റിസ് സഞ്ജീവ്‌ ഖന്ന പറഞ്ഞത്. നേരിട്ട് സുപ്രീംകോടതി ഒരു തീരുമാനമെടുക്കുന്നതിനേക്കാൾ അതാകും നന്നാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ഹൈക്കോടതി നിങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വാക്കാൽ നിർദ്ദേശിക്കുകയാണ് ചെയ്തത്.

രാഷ്ടപതി ഭരണം പിൻവലിച്ചിട്ടും

ഞായറാഴ്ചയാണ് ജമ്മുകാശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായികാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനംപുറപ്പെടുവിച്ചത്. ഭരണഘടനയുടെ വിവിധ വകുപ്പുകൾ പ്രകാരം ജമ്മു കാശാമീരിൽ മുഖ്യമന്ത്രിയെ നിയമിക്കുന്ന സാഹചര്യത്തിൽ രാഷ്ടപതി ഭരണം പിൻവലിക്കുകയാണെന്നണ് വിജ്ഞാപനത്തിലുള്ളത്. വിജ്ഞാപനത്തിൽ രാഷ്ട്രപതി ദ്രൌപതി മുർമു ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ ജമ്മു കാശ്മീരിൽ ആറുവർഷമായി നിലനിന്നിരുന്ന രാഷ്ട്രപതി ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ജമ്മുകാശ്മീർ തിരഞ്ഞെടുപ്പിൽ വിജയിച്ച നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലായിരിക്കും പുതിയ സർക്കാർ രൂപീകരിക്കുക. ജമ്മുകാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുള്ള ഉടൻസത്യപ്രതിജ്ഞ ചെയ്യും. സഖ്യത്തിന്റെ നേതാവായും അദ്ദേഹത്തെ തരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top