20 May Monday

2 വർഷത്തിനിടെ എസ‌്ബിഐ എഴുതിത്തള്ളിയത‌് ലക്ഷംകോടി

എം അഖിൽUpdated: Thursday May 16, 2019

ന്യൂഡൽഹി
കഴിഞ്ഞ രണ്ട‌ു വർഷത്തിനിടെ സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ‌് ഇന്ത്യ എഴുതിത്തള്ളിയത‌് ഒരുലക്ഷം കോടി രൂപയുടെ കടം.
മാർച്ച‌് 31ന‌് അവസാനിച്ച സാമ്പത്തികവർഷം 61,663 കോടിയും കഴിഞ്ഞ സാമ്പത്തികവർഷം 40,809 കോടിയും  എഴുതിത്തള്ളി. മൂന്ന‌ു വർഷത്തിനിടെ  57,646 കോടിയുടെ കടം എഴുതിത്തള്ളിയിരുന്നു.

എസ‌്ബിഐയ‌്ക്ക‌് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടമുണ്ടെന്ന‌് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞവർഷം ലോക‌്സഭയെ അറിയിച്ചിരുന്നു. മോഡി സർക്കാരിന്റെ നാലുവർഷക്കാലയളവിൽ 21 പൊതുമേഖലാബാങ്ക‌ുകൾ 3.16 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി പ്രതിപക്ഷം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഡിയെന്ന സൂര്യന്റെ വെളിച്ചത്തിൽ കോർപറേറ്റ‌്ശിങ്കിടികൾ വയ‌്ക്കോൽ ഉണക്കുകയാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എസ‌്ബിഐയുടെ കടം എഴുതിത്തള്ളലിനെ കുറിച്ച‌് ട്വിറ്ററിൽ പ്രതികരിച്ചു.

വൻതോതിൽ കടം എഴുതിത്തള്ളിയതോടെ എസ‌്ബിഐയുടെ ആകെ നിഷ‌്ക്രിയ ആസ‌്തി 23 ശതമാനം കുറഞ്ഞ‌് 1.72 ലക്ഷം കോടിയായി.  2015 സാമ്പത്തികവർഷത്തിൽ- 21,313 കോടിരൂപയാണ‌് എസ‌്ബിഐ എഴുതിത്തള്ളിയത‌്. 2016ൽ –-15,763 കോടി, 2017ൽ –- 20,570 കോടി, 2018ൽ –-40,809 കോടി, 2019ൽ–-61,663 കോടി എന്നിങ്ങനെയാണ‌് എഴുതിത്തള്ളിയത‌്. നൽകിയ വായ‌്പ തിരിച്ച‌് ഈടാക്കാൻ കഴിയില്ലെന്ന‌് നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രമേ എഴുതിത്തള്ളാൻ പാടുള്ളൂ. അതിന‌് മുമ്പ‌് വായ‌്പ തിരിച്ചുപിടിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തിയെന്ന‌് ഉറപ്പാക്കേണ്ടതുണ്ട‌്.

അതേസമയം കിട്ടാക്കടത്തിന‌് പകരം വയ‌്ക്കുന്ന നീക്കിയിരുപ്പ‌് ഉടനടി വർധിപ്പിക്കേണ്ടതില്ലെന്നും ഘട്ടംഘട്ടമായി വ്യത്യാസം പരിഹരിച്ചാൽ മതിയെന്നുമാണ‌് റിസർവ‌്ബാങ്ക‌് ഓഫ‌് ഇന്ത്യയുടെ ആദായം കണക്കാക്കൽ, ആസ‌്തി തരംതിരിക്കൽ (ഐആർഎസി) ചട്ടത്തിൽ നിർദേശിച്ചിട്ടുള്ളത‌്.

വായ‌്പകൾ എഴുതിത്തള്ളൽ കണക്കെടുപ്പ‌് രീതി മാത്രമാണെന്നാണ‌് ആർബിഐ വൃത്തങ്ങൾ പറയുന്നത‌്. ബാങ്കുകളുടെ നീക്കിയിരിപ്പിൽ കാര്യമായ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ നിഷ‌്ക്രിയആസ‌്തികൾ എഴുതിത്തള്ളുന്നത‌ുകൊണ്ട‌് പ്രശ‌്നമില്ലെന്നും ഇവർ പറയുന്നു.

എഴുതിത്തള്ളിയ വായ‌്പകളിൽനിന്നും വീണ്ടും ഈടാക്കൽ നടക്കുമെന്നും അഞ്ച‌് വർഷത്തിനിടെ 22,859 കോടി രൂപ ഇത്തരത്തിൽ ഈടാക്കിയിട്ടുണ്ടെന്നും ആർബി‌ഐ അവകാശപ്പെടുന്നു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 838 കോടിയുടെ ആദായമാണ‌് എസ‌്ബിഐ രേഖപ്പെടുത്തിയത‌്. കിട്ടാക്കടത്തിന‌് പകരം കൂടുതൽ നീക്കിയിരിപ്പ‌് മാറ്റിവയ‌്ക്കേണ്ടി വന്നതാണ‌് ആദായം കുറയാൻ കാരണമെന്ന‌് വിദഗ‌്ധർ വിലയിരുത്തുന്നു. 2017 സാമ്പത്തികവർഷത്തിൽ 7,718.17 കോടിയാണ‌് നഷ്ടം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top