22 October Tuesday
ക്രൂഡോയിൽ വില ഉയർന്നാൽ പെട്രോൾ–- ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്ന്‌ എച്ച്‌പി ചെയർമാൻ

വിപണിയിൽ ചാഞ്ചാട്ടം ; 1991 ലേതിന്‌ സമാനമായ എണ്ണവില വർധന രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


സൗദിയിലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന്‌ അന്താരാഷ്‌ട്ര എണ്ണ വിപണിയിൽ വൻ ചാഞ്ചാട്ടം. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വിലയിൽ ഏറ്റവും വലിയ ചാഞ്ചാട്ടമുണ്ടായത്‌ 1991 ജനുവരി 14 ന്‌ ഗൾഫ്‌ യുദ്ധകാലയളവിലാണ്‌. ക്രൂഡോയിൽ വിലയിൽ 21 ശതമാനം വർധനയാണ്‌ അന്ന്‌ രേഖപ്പെടുത്തിയത്‌. ഏകദേശം ഇതിനു സമാനമായ ചാഞ്ചാട്ടമാണ്‌ ആരാംകോയുടെ എണ്ണപ്പാടത്തെ ഡ്രോൺആക്രമണത്തിനുശേഷമുണ്ടായത്‌. ആക്രമണത്തിനുശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്‌ച വിപണി തുടങ്ങിയപ്പോൾ അസംസ്‌കൃത എണ്ണ വിലയിൽ 20 ശതമാനം വരെ വർധനയുണ്ടായി.

2018–-19 സാമ്പത്തികവർഷത്തിൽ 207.3 ദശലക്ഷം ടൺ ക്രൂഡോയിലാണ്‌ ഇന്ത്യ ഇറക്കുമതി ചെയ്‌തത്‌. ഇതിൽ 40.33 ദശലക്ഷം ടൺ ക്രൂഡോയിലാണ്‌ സൗദിയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. ഇറാഖ്‌ കഴിഞ്ഞാൽ ഇന്ത്യയിലേക്ക്‌ ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്‌ സൗദി. 2018–-19 വർഷത്തിൽ 111.9 ശതകോടി ഡോളറാണ്‌ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവ്‌. നടപ്പുവർഷം ഏപ്രിൽ–- ജൂലൈ കാലയളവിൽ ശരാശരി 45 ലക്ഷം ബാരൽ എണ്ണയാണ്‌ ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്‌തത്‌. 

ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നാൽ പെട്രോൾ–- ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്ന്‌ ഹിന്ദുസ്ഥാൻ പെട്രോളിയം ചെയർമാൻ എം കെ സുറാത്ത പറഞ്ഞു. ഇന്ത്യൻ എണ്ണകമ്പനികൾക്ക്‌ നൽകിവരുന്ന ക്രൂഡോയിലിന്റെ അളവിൽ വെട്ടികുറവ്‌ വരുത്തില്ലെന്ന്‌ ഡ്രോൺ ആക്രമണത്തിന്‌ ഇരയായ സൗദി ആരാംകോ കമ്പനി അറിയിച്ചതായി പെട്രോളിയം മന്ത്രാലയം വക്താവ്‌ പറഞ്ഞു.  

ഡ്രോൺ ആക്രമണത്തെ തുടർന്ന്‌ ഇറാനെതിരായ യുഎസ്‌ വെല്ലുവിളി രൂക്ഷമായി. യുഎസ്‌ പിന്തുണയോടെ സൗദി പ്രത്യാക്രമണം നടത്തിയാൽ പശ്‌ചിമേഷ്യ കലുഷിതമാകും. ഇത്‌ ആഗോള എണ്ണവിലയെ കൂടുതൽ പ്രതികൂലമായി ബാധിക്കും.


പ്രധാന വാർത്തകൾ
 Top