22 October Tuesday

ക്രൂഡോയിൽ വില കുതിക്കുന്നു ; പെട്രോൾ, ഡീസൽ വില കൂടും, അവശ്യ വസ്‌തുക്കൾക്ക്‌ വില കൂടും

എം പ്രശാന്ത‌്Updated: Tuesday Sep 17, 2019


ന്യൂഡൽഹി 
ഡ്രോൺ ആക്രമണത്തെ തുടർന്ന്‌ സൗദിയിലെ എണ്ണ ഉൽപ്പാദനം പകുതിയോളം നിലച്ചതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നു.  വെള്ളിയാഴ്‌ച വിപണി അവസാനിക്കുമ്പോൾ ബാരലിന്‌ 60.25 ഡോളറായിരുന്നു വില. തിങ്കളാഴ്‌ച വ്യാപാരം  ആരംഭിച്ചതുതന്നെ 66.45 ഡോളറിലാണ്‌.  ഉടൻ  71.95 ലേക്ക്‌ ഉയർന്നു.

തിങ്കളാഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ  66.66 ഡോളറിലേക്ക്‌ കുറഞ്ഞെങ്കിലും ഒറ്റദിവസംകൊണ്ട്‌ ബാരലിന്‌ 6.41 ഡോളറിന്റെ വർധന രേഖപ്പെടുത്തി. 10.64 ശതമാനത്തിന്റെ വർധന.  തിങ്കളാഴ്‌ച വിപണി തുറന്നപ്പോൾ 1991 ലെ ഗൾഫ്‌ യുദ്ധ കാലത്തിന്‌ സമാനമായ വർധനയാണ്‌ എണ്ണവിലയിലുണ്ടായത്‌. ബ്രെന്റ്‌ ക്രൂഡോയിൽ വില 12 ഡോളറോളം വർധിച്ച്‌ ബാരലിന്‌ 71.95 ഡോളറിലെത്തി.  

ആഭ്യന്തരവിപണിയിലും വൈകാതെ പെട്രോൾ –- ഡീസൽ വില വർധനയുണ്ടാകും. ഇന്ധന വിലവർധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരും. ക്രൂഡോയിൽ ഇറക്കുമതിച്ചെലവിൽ മാത്രം അറുപതിനായിരം കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപവരെ വർധനയുണ്ടാകും.

ഡോളർ ആവശ്യകത വർധിക്കുന്നതോടെ രൂപ കൂടുതൽ ദുർബലപ്പെടും. നിക്ഷേപത്തിലുള്ള ഡോളർ വരവ്‌ കുറയുന്നതോടെ ഇന്ത്യയിലെ നിക്ഷേപം വിദേശനിക്ഷേപകർക്ക്‌ അനാകർഷമാകും. ക്രൂഡോയിലിന്റെ ഉപോൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള പെയിന്റ്‌, ടയർ, എണ്ണ–- വാതകം, വിമാനകമ്പനികൾ, വാഹന അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയവ പ്രതിസന്ധിയിലാകും.

അതേസമയം ഇന്ത്യൻ എണ്ണകമ്പനികൾക്ക്‌ നൽകിവരുന്ന ക്രൂഡോയിലിന്റെ അളവിൽ വെട്ടിക്കുറവ്‌ വരുത്തില്ലെന്ന്‌ സൗദി ആരാംകോ കമ്പനി അറിയിച്ചതായി പെട്രോളിയം മന്ത്രാലയം വക്താവ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top