26 March Tuesday

പാകിസ്ഥാന‌് നൽകുന്ന അധികജലം തടയും; ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


ന്യൂഡൽഹി
സിന്ധുവിന്റെ പോഷകനദികളുടെ ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന‌് എതിരായ നടപടികളുടെ ഭാഗമായാണ‌് നീക്കം. സിന്ധുനദിയുടെ പോഷകനദികളായ രവി, സത‌്‌ലജ‌്, ബിയാസ‌് നദികളിൽ ഇന്ത്യക്ക‌് അവകാശപ്പെട്ട ജലം വഴിതിരിച്ച‌് ജമ്മു കശ‌്മീരിനും പഞ്ചാബിനും ഉപയോഗിക്കാനുള്ള പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്ന‌് കേന്ദ്ര ജലവിഭവമന്ത്രി നിതിൻ ഗഡ‌്കരി അറിയിച്ചു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന‌് നൽകിയിരുന്ന സൗഹൃദ രാഷ്ട്രപദവി ഇന്ത്യ നേരത്തെ പിൻവലിച്ചിരുന്നു. പാകിസ്ഥാനിൽനിന്ന‌് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക‌് 200 ശതമാനം തീരുവ വർധിപ്പിക്കുകയും ചെയ‌്തു. ഇതിനു പിന്നാലെയാണ‌് പാകിസ്ഥാന‌്  ജലം വെട്ടിക്കുറയ‌്ക്കാനുള്ള നീക്കം.

മൂന്ന‌് നദികളുടെയും ആകെയുള്ള ജലലഭ്യതയായ 168 മില്യൺ ഏക്കർ ഫീറ്റിൽ 33 മില്യൺ ഏക്കർ ഫീറ്റ‌് ജലമാണ‌് (20 ശതമാനം) ഇന്ത്യയുടെ വിഹിതം. നിലവിൽ ഇന്ത്യക്ക‌് അവകാശപ്പെട്ട 20 ശതമാനം ജലവിഹിതത്തിൽ 93–-94 ശതമാനത്തോളം ഉപയോഗിക്കുന്നുണ്ട‌്. ഉപയോഗിക്കാത്ത ബാക്കി ജലം പാകിസ്ഥാനിലേക്ക‌് ഒഴുകുകയാണ‌്. പഞ്ചാബിൽ രവി നദിയിൽ ഷാപുർകണ്ടി അണക്കെട്ട‌്, പഞ്ചാബിൽതന്നെ സത‌്‌ലജ‌്–-ബിയാസ‌് ലിങ്ക‌്, ജമ്മു കശ‌്മീരിലെ  ഉജ്ജ‌് അണക്കെട്ട‌് തുടങ്ങിയ പദ്ധതികൾവഴി ഉപയോഗിക്കാത്ത ജലം പൂർണമായും വഴിതിരിച്ചുവിടുമെന്നാണ‌് നിതിൻ ഗഡ‌്കരി ട്വിറ്ററിലൂടെ അറിയിച്ചത‌്.

1960ൽ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ‌്റുവും പാക‌് പട്ടാള ഭരണാധികാരിയായിരുന്ന അയൂബ‌്ഖാനും ഒപ്പിട്ട സിന്ധുനദീജല ഉടമ്പടി പ്രകാരമാണ‌്  ഇരുരാജ്യങ്ങളും ജലം പങ്കിട്ടിരുന്നത‌്. ഉടമ്പടി പ്രകാരം കിഴക്കോട്ട‌്  ഒഴുകുന്ന രവി, സത‌്‌ലജ‌്, ബിയാസ‌് നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട‌് ഒഴുകുന്ന സിന്ധു, ചിനാബ‌്, ഝലം നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു. പടിഞ്ഞാറോട്ട‌് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിലൂടെ ഒഴുകുന്നതിനാൽ അതിലെ ജലം ജലസേചനത്തിനും വൈദ്യുതിഉൽപ്പാദനത്തിനും മറ്റും ഇന്ത്യക്ക‌് ഉപയോഗിക്കാനുള്ള വ്യവസ്ഥകൾ ഉടമ്പടിയിലുണ്ട‌്.

കരാർ ഏകപക്ഷീയമായി റദ്ദാക്കുകയോ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയോ ചെയ‌്താൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top