21 November Thursday

മഹാരാഷ്ട്രയിൽ അനിശ്‌ചിതാവസ്ഥ; പവാർ രംഗത്ത്‌, നാളെ ഡൽഹിയിൽ കൂടിക്കാഴ്‌ച

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2019

ന്യൂഡൽഹി >  മഹാരാഷ്ട്രയിൽ ഉടൻ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങുമെന്ന ബിജെപി ഭീഷണി തള്ളി ശിവസേന. രാഷ്ട്രപതി ബിജെപിയുടെ കീശയിലാണോ   ശിവസേനാവക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ പരിഹസിച്ചു. ഇതിനിടെ, അയോധ്യാവിധി വരുന്ന സമയത്ത്‌ മഹാരാഷ്ട്രയിൽ ജനാധിപത്യ സർക്കാർ ഉണ്ടായിരിക്കണമെന്ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌പവാർ പറഞ്ഞു. പവാർ ഡൽഹിയിൽ തിങ്കളാഴ്‌ച  കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. എൻസിപി–-ശിവസേന സർക്കാരിന്‌ കോൺഗ്രസ്‌ പുറത്തുനിന്ന്‌ പിന്തുണ നൽകുന്നതിനെക്കുറിച്ച്‌ ചർച്ച നടക്കുന്നുണ്ട്‌.

വ്യാഴാഴ്‌ചക്കകം സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങുമെന്ന്‌ ധനമന്ത്രിയും ബിജെപി നേതാവുമായ സുധീർ മുംഗതിവാറാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ‌ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ നടത്താൻ മുംബൈ വാങ്കഡെ സ്‌റ്റേഡിയം ബിജെപി ഒരുക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ സർക്കാർ രൂപീകരണത്തിനില്ലെന്ന ഉറച്ച നിലപാടിലാണ്‌ ശിവസേന.

മുന്നണിമര്യാദ പാലിക്കാൻ അവസാനനിമിഷംവരെ ശ്രമിക്കുമെന്ന്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. മുംഗതിവാറിന്റെ പ്രസ്‌താവന അദ്ദേഹത്തെയും ബിജെപിയെയും ബാധിച്ച വിഷത്തിനു തെളിവാണ്‌. രാഷ്ട്രപതി ബിജെപിയുടെ റബർസ്‌റ്റാമ്പാണോ എന്ന്‌ സഞ്‌ജയ്‌ -റാവത്ത്‌ ചോദിച്ചു. ബിജെപി നേതാവിന്റെ പ്രസ്‌താവന അവഹേളനമാണെന്ന്‌ ശിവസേന പത്രം ‘സാമ്‌ന’ മുഖപ്രസംഗത്തിൽ പറഞ്ഞു.

തർക്കം രൂക്ഷമാകുന്നതിനിടെ, മറുചേരി പുനരാലോചന തുടങ്ങിയെന്നതിന്റെ സൂചനയാണ്‌ പവാറിന്റെ പ്രസ്‌താവന. അയോധ്യയുടെ പേരിൽ മുമ്പ്‌ എന്താണ്‌ നടന്നതെന്ന്‌ എല്ലാവർക്കും അറിയാമെന്നും  സമാധാനപൂർണമായ മഹാരാഷ്ട്രയ്‌ക്ക്‌ പുതിയ സർക്കാർ രൂപംകൊള്ളണമെന്നുമാണ്‌ പവാർ പറഞ്ഞത്‌. പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു എൻസിപിയും കോൺഗ്രസും ഇതുവരെ പറഞ്ഞത്‌. 288 അംഗ സഭയിൽ എൻസിപിക്ക്‌ 54, കോൺഗ്രസിന്‌ 44 അംഗങ്ങൾ വീതമുണ്ട്‌. ശിവസേനയ്‌ക്ക്‌ 56ഉം. 105 അംഗങ്ങളാണ്‌ ബിജെപിക്ക്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top