17 June Monday

ശാരദാ ചിട്ടിതട്ടിപ്പില്‍ മമതക്ക് തിരിച്ചടി; രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

ന്യൂഡല്‍ഹി > ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ അറസ്റ്റിലായേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനല്‍ജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരിട്ടതിന് പിന്നാലെയാണ് മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സുപ്രീം കോടതിയിലും തിരിച്ചടിയേറ്റത്.

ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ രാജീവ് കുമാര്‍ ശ്രമിച്ചുവെന്ന് സിബിഐ കോടതിയെ ധരിപ്പിച്ചു. രാജീവ് കുമാറിന് തട്ടിപ്പിന്റെ ഗുണം നേരിട്ട് ലഭിച്ചു. അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയിലാണ് അറസ്റ്റിനുള്ള മുന്‍ വിലക്ക് കോടതി നീക്കിയത്.

സിബിഐക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാം, എന്നാല്‍ ഉത്തരവ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഉള്ള അനുമതിയായി പരിഗണിക്കേണ്ടതിലെന്ന് വിധി പ്രസ്താവിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. വിലക്ക് നീക്കിയ ഉത്തരവ് 7 ദിവസത്തിന് ശേഷമേ നടപ്പാവൂ. ഇതിനകം രാജീവ്കുമാറിന് നിയമ നടപടികള്‍ സ്വീകരിക്കാം.

എന്നാല്‍ ഹൈക്കോടതി അടക്കം ബംഗാളിലെ കോടതികള്‍ 2 ആഴ്ചയായി അഭിഭാക സമരംകാരണം അടഞ്ഞു കിടക്കുകയാണ്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ സിബിഐ അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കണമെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മമത ബാനര്‍ജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ തെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാനായിരുന്നു സിബിഐ ശ്രമം. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top