17 November Sunday

കസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ സെഷന്‍സ് കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ന്യൂഡല്‍ഹി> ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ മുപ്പത് വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണത്തിന്റെ പേരില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കണമെന്ന ഭട്ടിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി ഒരാഴ്ച പിന്നിടുമ്പോഴാണ് വിധി വന്നിരിക്കുന്നത്.

പ്രോസിക്യൂഷന്‍  300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതില്‍ 32 പേരെ മാത്രമാണ് വിചാരണ വേളയില്‍ വിസ്തരിച്ചത്.നിര്‍ണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തില്‍ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികള്‍ എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

സഞ്ജീവ് ഭട്ടിന് പുറമെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന പ്രവിന്‍ സിന്‍ഹ് സാലയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെ 2015ല്‍ വ്യാജ ആരോപണം ഉന്നയിച്ച് സര്‍വീസില്‍നിന്ന് ഇദ്ദേഹത്തെ നീക്കി.

1990 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂര്‍ പട്ടണത്തില്‍ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നൂറിലേറെ പേരില്‍ ഒരാളായ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്. അന്ന് ജാംനഗര്‍ ജില്ലാ അസി. പോലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്.1996ലാണ് സഞ്ജീവ് ഭട്ടിനെ കേസില്‍ പ്രതി ചേര്‍ത്തത്‌.








 


പ്രധാന വാർത്തകൾ
 Top