18 September Saturday
തെരഞ്ഞെടുപ്പ്‌ കമീഷണറും
 നിരീക്ഷണത്തിൽ

കേന്ദ്ര മന്ത്രിമാരെയും മോഡിക്ക്‌ ഭയം ; സംഘപരിവാറിൽ ഞെട്ടൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021


ന്യൂഡൽഹി
പെഗാസസ്‌ ചോർത്തലിന്‌ ഇരയാക്കപ്പെട്ടവരിൽ കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവും പ്രഹ്ലാദ്‌ പട്ടേലും ഉൾപ്പെട്ടെന്ന വെളിപ്പെടുത്തൽ സംഘപരിവാർ കേന്ദ്രങ്ങൾക്കും ആഘാതമായി. മോഡിയുടെയും ഷായുടെയും ‘നിരീക്ഷണ’ത്തിൽനിന്ന്‌ ഭരണകക്ഷി നേതാക്കൾക്കുപോലും ഒഴിഞ്ഞുനിൽക്കാനാകില്ലെന്നതിന്‌ തെളിവായി ഈ പേരുകൾ.

ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ മോഡിയും അന്ന്‌ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷായും ഒരു സ്‌ത്രീയെ ദീർഘകാലം നിരീക്ഷണത്തിൽ നിർത്തിയെന്നത്‌ വലിയ വിവാദമായിരുന്നു. ഒന്നാം മോഡി സർക്കാർ അധികാരമേറ്റതിന്‌ പിന്നാലെ ബിജെപിയിൽ എതിരാളിയായി പരിഗണിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ ഔദ്യോഗിക വസതിയിൽ ചോർത്തൽ ഉപകരണങ്ങൾ കണ്ടെത്തിയെന്ന വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുൻ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കർ വിദേശയാത്രയ്‌ക്കായി വിമാനത്താവളത്തിലേക്ക്‌ യാത്ര ചെയ്യവേ പിഎംഒയിൽനിന്ന്‌ വസ്‌ത്രം മാറി പോകാൻ നിർദേശമെത്തിയതും വാർത്താപ്രാധാന്യം നേടി.

മധ്യപ്രദേശിലെ ദാമോഹിൽനിന്നുള്ള എംപിയായ പ്രഹ്ലാദ്‌ പട്ടേൽ നിലവിൽ ജൽശക്തി സഹമന്ത്രിയാണ്‌. സാംസ്‌കാരികം–- ടൂറിസം മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പട്ടേലിന്‌ അഴിച്ചുപണിയിലാണ്‌ നഷ്ടം സംഭവിച്ചത്‌. പട്ടേലിന്‌ പുറമേ  ഭാര്യയുടെയും പ്രൈവറ്റ്‌ സെക്രട്ടറിമാരുടെയും മധ്യപ്രദേശിലെ പ്രധാന അനുയായികളുടെയും പാചകക്കാരന്റെയും തോട്ടക്കാരന്റെയുമടക്കം 11 പേരുടെ ഫോണുകൾ ചോർത്തൽ പട്ടികയിലുണ്ട്‌. പട്ടേൽ കേന്ദ്രമന്ത്രിയായതിന്‌ പിന്നാലെ അദ്ദേഹത്തിന്റെ മകനും അനന്തരവനും വധശ്രമ കേസിലുൾപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റും ഫോണുകൾ പെഗാസസ്‌ ലക്ഷ്യം വച്ചത്‌. മോഡിവിരുദ്ധ പക്ഷത്തുള്ള ഉമാഭാരതിയുടെ അടുത്ത അനുയായിയാണ്‌ പട്ടേൽ.

സംഘപരിവാറിൽ മോഡിയുടെ എതിരാളിയായ പ്രവീൺ തൊഗാഡിയ ലക്ഷ്യംവയ്‌ക്കപ്പെട്ടത്‌ 2018ലാണെങ്കിൽ സ്‌മൃതി ഇറാനിയുടെ ഒഎസ്‌ഡി സഞ്‌ജയ്‌ കച്ച്‌റുവിനെ ചോർത്തിയത്‌ 2014–-15 കാലയളവിലാണ്‌. കച്ച്‌റുവിന്റെ നിയമനത്തിന്‌ കേന്ദ്രം അംഗീകാരം നൽകിയില്ല. സ്‌മൃതിക്ക്‌ മാനവശേഷി മന്ത്രാലയം നഷ്ടപ്പെടുകയും അപ്രധാനമായ ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിലേക്ക്‌ മാറേണ്ടിയും വന്നു. വസുന്ധരയുടെ പ്രൈവറ്റ്‌ സെക്രട്ടറി പ്രദീപ്‌ അവസ്‌തി ഇരയാക്കപ്പെട്ടത്‌ 2018 തുടക്കത്തിലാണ്‌.
ഐടി മന്ത്രിയും

വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയെന്നനിലയിൽ ഫോൺ ചോർത്തൽ വാർത്തകൾ ലോക്‌സഭയിൽ ഔദ്യോഗികമായി നിഷേധിച്ചതിന്‌ പിന്നാലെയാണ്‌ പട്ടികയിൽ അശ്വനി വൈഷ്‌ണവുമുണ്ടെന്ന വാർത്ത പുറത്തായത്‌. 2010ൽ ഐഎഎസ്‌ രാജിവച്ച്‌ കോർപറേറ്റ്‌ ലോകത്തേക്ക്‌ നീങ്ങിയ വൈഷ്‌ണവിന്റെ ഫോൺ ആക്രമിക്കപ്പെടുന്നത്‌ 2017ലാണ്‌. സ്വന്തമായി രണ്ട്‌ വ്യവസായ സ്ഥാപനം തുടങ്ങിയ ഘട്ടമായിരുന്നു അത്‌. വൈഷ്‌ണവിന്റെ ഭാര്യയുടെ ഫോണും പെഗാസസ്‌ ഇരകളുടെ പട്ടികയിലുണ്ട്‌.

തെരഞ്ഞെടുപ്പ്‌ കമീഷണറും
 നിരീക്ഷണത്തിൽ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചട്ടലംഘനം നടത്തിയെന്ന്‌ നിലപാടെടുത്ത തെരഞ്ഞെടുപ്പ്‌ കമീഷണറാണ്‌ പെഗാസസ്‌ ആക്രമണത്തിന്‌ ഇരയായ അശോക്‌ ലവാസ. 2019 ലെ പ്രചാരണഘട്ടത്തിൽ മോഡിക്കും അമിത്‌ ഷായ്‌ക്കുമെതിരായി നിരവധി പരാതികൾ കമീഷന്‌ ലഭിച്ചിരുന്നു. മൂന്നംഗ കമീഷൻ ഭൂരിപക്ഷാഭിപ്രായ പ്രകാരം പരാതികളെല്ലാം തള്ളി. ലവാസ ഇത്‌ ശരിയല്ലെന്ന നിലപാട്‌ എടുത്ത്‌ വിയോജിപ്പ്‌ രേഖപ്പെടുത്തി. ഇതിന്റെ തുടർച്ചയായി  2020 ഫെബ്രുവരിയിൽ ലവാസയുടെ ഭാര്യക്ക്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു, ആഗസ്‌തിൽ ലവാസ കമീഷണർ സ്ഥാനം രാജിവച്ചു. ലവാസയ്‌ക്ക്‌ പുറമെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളും മറ്റും വിലയിരുത്തുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസ്‌ (എഡിആർ) തലവൻ ജഗ്‌ദീപ്‌ ഛൊഖറും ചോർത്തലിന്‌ ഇരയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top