16 September Monday

ഗോമാംസം കടത്തുന്നുവെന്നാരോപണം: മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തിന് സംഘപരിവാറിന്റെ ക്രൂരമര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

ഭോപാൽ
മധ്യപ്രദേശിലെ സിയോണിയിൽ ഓട്ടോറിക്ഷയിൽ ബീഫ‌് കൊണ്ടുപോയി എന്നാരോപിച്ച‌് ‘ഗോസംരക്ഷകർ’ രണ്ടു യുവാക്കളെ മരത്തിൽ കെട്ടിയിട്ട‌് തല്ലി. കൂടെയുണ്ടായിരുന്ന സ‌്ത്രീയെയും മർദിച്ചു. അക്രമികളെ അറസ‌്റ്റ‌് ചെയ‌്തു.മൂന്നു ദിവസം മുമ്പാണ‌് സംഭവം നടന്നതെന്ന‌് പൊലീസ‌് പറഞ്ഞു. ആക്രമിച്ച അഞ്ച‌ു പേരെയും അക്രമണത്തിന‌് ഇരയായ മൂന്നു പേരെയും അറസ‌്റ്റുചെയ‌്തു. 

ശുഭം സിങ‌്, യോഗേഷ‌് ഉഖെ, ദീപേഷ‌് നാംദേവ‌്, റോഹിത‌് യാദവ‌്, ശ്യം ദെഹ‌്‌രിയ എന്നീ സംഘപരിവാർ പ്രവർത്തകരാണ‌് ആക്രമണം നടത്തിയത‌്. ദിലീപ‌് മാൾവിയ, തൗഫീക‌്, അഞ്ചും ശമ ‌എന്നിവരെയാണ‌് ആക്രമിച്ചത‌്.  ഇക്കഴിഞ്ഞ 22ന‌് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന സംഘത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.  യുവാക്കളെ ഓട്ടോറിക്ഷയിൽനിന്ന‌് പിടിച്ചിറക്കി മരത്തിൽ കെട്ടിയിട്ട‌് വടികൊണ്ട‌് തല്ലുകയായിരുന്നു. മർദനമേറ്റവരിൽ ഒരാളെ ഭീഷണിപ്പെടുത്തി കൂടെയുണ്ടായിരുന്ന സ‌്ത്രീയെ ചെരിപ്പുകൊണ്ട‌് തല്ലിച്ചു.

അക്രമികളിൽ ഒരാൾ സ‌്ത്രീയെ ചരൽ കൂനയിലേക്ക‌് തള്ളിയിട്ട‌് ജയ‌്ശ്രീറാം വിളികളോടെ ആക്രമിച്ചു. അക്രമത്തിന്റെയും "ജയ‌്ശ്രീ റാം' വിളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളിലൊരാളായ ശുഭം സിങ‌് നവമാധ്യമത്തിൽ പ്രചരിപ്പിച്ചു. പിന്നീട‌് പിൻവലിച്ചു. ദൃശ്യങ്ങൾ കണ്ട ദിലീപ‌് മാൾവിയയുടെ സഹോദരി നൽകിയ പരാതിയിലാണ‌് പ്രതികളെ അറസ‌്റ്റുചെയ‌്തത‌്. മലേഗാവ‌് സ‌്ഫോടന കേസിലെ പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യ സിങ‌് ഠാക്കൂറിനൊപ്പം നിൽക്കുന്ന ചിത്രവും പ്രതികൾ ഫെയ‌്സ‌്ബുക്കിൽ പോസ‌്റ്റ‌് ചെയ‌്തിരുന്നു. 

സംഭവത്തെ ജമ്മു കശ‌്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ‌്തി അപലപിച്ചു. കമൽനാഥ‌് സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നാണ‌് പ്രതീക്ഷയെന്ന‌് അവർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top