സംഭൽ സംഘർഷം: മേഖലയിൽ ജുഡീഷ്യൽ കമീഷൻ പരിശോധന നടത്തി
ലഖ്നൗ > ഉത്തർപ്രദേശ് സംഭലിൽ നവംബർ 24ന് വെടിവെയ്പ് നടന്ന മേഖലയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമീഷൻ പരിശോധന നടത്തി. സംഭാൽ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും (എസ്‌പി) ചേർന്ന പാനലാണ് പരിശോധനയ്ക്കെത്തിയത്. സംഭൽ ഷാഹി ജുമാ മസ്‌ജിദ് ക്ഷേത്രം തകർത്ത് സ്ഥാപിച്ചതാണെന്ന സംഘപരിവാറുകാരുടെ ഹർജിയിൽ നടന്ന സർവേക്കിടെയുണ്ടായ വെടിവയ്‌പിൽ അഞ്ച് മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.
അലഹബാദ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജിയായ ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സംഭവസ്ഥലത്തുണ്ടായിരുന്ന സംഭൽ ജില്ലയിലെ പോലീസ്, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
മുഗൾകാലത്ത് നിർമ്മിച്ച ജമാ മസ്‌ജിദ് ഹരിഹർ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന അവകാശവാദമാണ് സംഘപരിവാർ സംഘടനകൾ മുന്നോട്ടുവെയ്‌ക്കുന്നത്. കോടതി നിർദേശപ്രകാരം മസ്‌ജിദിൽ പരിശോധനയ്‌ക്ക് ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. അക്രമം ആസൂത്രിതമാണോയെന്ന് കമീഷൻ പരിശോധിക്കും.
0 comments