20 November Wednesday

ഞങ്ങളെ വിട്ട് നേതാവ് പോയി, കോണ്‍ഗ്രസിന്റെ ഭാവി തന്നെ തുലാസിലാണ്; രാഹുലിനെതിരെ സല്‍മാന്‍ ഖുര്‍ഷിദ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ന്യൂഡല്‍ഹി > കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മതിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിലയിരുത്തല്‍. ഭാവി സുസ്ഥിരമാക്കാന്‍ പാര്‍ട്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും കഴിയാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ബലക്ഷയത്തിനു കാരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. എന്തുകൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടു എന്ന് ഇനിയും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. നേതാവ് ഇറങ്ങിപ്പോയതാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ രണ്ടാഴ്ച്ചയ്ക്കകം നടക്കാനിരിക്കെ രാഹുല്‍ വിദേശ യാത്രയ്ക്ക് പോയത് പാര്‍ടിക്കുള്ളിലും വലിയ വിവാദമായിട്ടുണ്ട്. അതിനിടെ പ്രമുഖ നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു തുടങ്ങി. ഹരിയാന സംസ്ഥാന കോണ്‍ഗ്രസ് നേതാവായ അശോക് തന്‍വാറാണ് ഏറ്റവും അടുത്തായി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top