11 April Sunday
മാതാപിതാക്കളടക്കം 7 കുടുംബാംഗങ്ങളെ വെട്ടിക്കൊന്ന ശബ്നത്തിനാണ്‌‌ വധശിക്ഷ

ഇന്ത്യയിൽ ആദ്യമായി സ്‌ത്രീക്ക്‌ തൂക്കുകയർ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


ലക്‌നൗ
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നു. 2008ൽ മാതാപിതാക്കളടക്കം ഏഴ്‌ ഉറ്റവരെ വെട്ടിക്കൊന്ന ഉത്തർപ്രദേശ്‌ അംറോഹ സ്വദേശി ശബ്നത്തെയാണ്‌ തൂക്കിക്കൊല്ലുന്നത്‌. നടപടികൾ മഥുര ജയിലിൽ ആരംഭിച്ചു. ബിഹാറിലെ ബക്‌സറിൽ നിന്ന്‌ തൂക്കുകയർ എത്തിച്ചുകഴിഞ്ഞു. അന്തിമ വാറന്റ്‌ ലഭ്യമായാൽ ഉടൻ നടപ്പാക്കും.

2008 ഏപ്രിൽ 14നാണ്‌ ഷബ്നം കാമുകൻ സലിമുമായി ചേർന്ന്‌ കുടുംബാംഗങ്ങളെ കൊന്നത്‌. ബവൻഖേദ ഗ്രാമത്തിലെ വീട്ടിൽ മാതാപിതാക്കൾ, സഹോദരി, രണ്ട്‌ സഹോദരന്മാർ, പത്തുമാസം പ്രായമുള്ള സഹോദരപുത്രൻ എന്നിവരെ മയക്കി കിടത്തിയശേഷം മഴു ഉപയോഗിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു. ബിരുദാനന്തര ബിരുദധാരിയായ ശബ്നത്തെ നിരക്ഷരനായ സലിമിന്‌ വിവാഹം ചെയ്ത്‌ നൽകാൻ വിസമ്മതിച്ചതാണ്‌ ക്രൂരകൃത്യത്തിലേക്ക്‌ നയിച്ചത്‌.

അംറോഹ കോടതി 2010ൽ ഇരുവർക്കും വധശിക്ഷ വിധിച്ചു. തുടർന്ന്‌ സുപ്രീംകോടതിയിൽവരെ അപ്പീൽ നൽകിയെങ്കിലും എല്ലായിടത്തും വിധി ശരിവച്ചു. രാഷ്ട്രപതിയും ഇവരുടെ ദയാഹർജി നിരസിച്ചു. നിർഭയ കേസിൽ ആരാച്ചാരായിരുന്ന പവൻ ജല്ലാദ്‌ തന്നെയാണ്‌ ശബ്നത്തെയും തൂക്കിലേറ്റുന്നത്‌. ഇദ്ദേഹം രണ്ടുതവണ മഥുര ജയിലിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. രാജ്യത്ത്‌ സ്ത്രീകളെ തൂക്കിലേറ്റാൻ സംവിധാനമുള്ള ഏക ജയിലാണ്‌ മഥുരയിലേത്‌. 150 വർഷം മുമ്പാണ്‌ ഇവിടെ ഇത്‌ സ്ഥാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top