06 July Monday

ശബരിമല: തീർപ്പ്‌ നീളും; മതസ്വാതന്ത്ര്യം, മൗലികാവകാശം ‐ ഏഴംഗ ബെഞ്ചിന്‌

എം പ്രശാന്ത‌്Updated: Friday Nov 15, 2019

ന്യൂഡൽഹി> പ്രായഭേദമന്യേ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ പ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധനാഹർജികളിൽ തീരുമാനം നീളും. ഹർജികൾ പരിഗണിച്ച  ഭരണഘടനാബെഞ്ച്‌, മതസ്വാതന്ത്ര്യത്തിന്റെയും തുല്യത അടക്കമുള്ള മൗലികാവകാശങ്ങളുടെയും ഇഴചേരൽ എത്രമാത്രമാകാമെന്ന പരിശോധനയ്‌ക്കായി വിശാല ബെഞ്ച്‌ രൂപീകരിക്കാൻ  ഭൂരിപക്ഷവിധിയിലൂടെ തീരുമാനിച്ചു.

കുറഞ്ഞത് ഏഴം​ഗങ്ങളെങ്കിലുമുള്ള ബെഞ്ച് ചീഫ്‌ജസ്‌റ്റിസ് രൂപീകരിക്കും.  പുനഃപരിശോധനാ ഹർജികളും റിട്ട് ഹര്‍ജികളും വിശാല ബെഞ്ചിന് വിട്ടിട്ടില്ല.  ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി പുനപരിശോധനാ ഹർജികള്‍ തീർപ്പാകുംവരെ നിലനിൽക്കും. വിധിയില്‍ സ്റ്റേ ഇല്ലെന്ന് നവംബറില്‍ കേസ് പരി​ഗണിച്ചപ്പോള്‍ തന്നെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കോടതി കൈമാറിയ വിഷയങ്ങളിൽ തീർപ്പുവന്നശേഷം നിലവിലെ അഞ്ചം​ഗ ബെഞ്ച്‌ തന്നെ ഇവ പരിഗണിക്കും.


ആരാധനാലയങ്ങളിൽ സ്‌ത്രീപ്രവേശം നിയന്ത്രിക്കുന്നതിലെ ഭരണഘടനാ സാധുത ഈ വിഷയത്തിൽ മാത്രമല്ല ഉയർന്നിട്ടുള്ളതെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ നിരീക്ഷിച്ചു. "മുസ്ലിം സ്‌ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്‌ത്രീകൾക്കുള്ള ആരാധനാലയ പ്രവേശനവിലക്ക്‌, ദാവൂദി ബോറ സമുദായത്തിലെ സ്‌ത്രീ ചേലാകർമം എന്നിവയുടെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരം വിഷയങ്ങളിൽ വിപുലമായ ഏഴംഗ ബെഞ്ചിലൂടെ ജുഡീഷ്യൽ നയം രൂപീകരിക്കാന്‍ സമയമായി.

മുസ്ലിം സ്‌ത്രീകളുടെ പള്ളിപ്രവേശനവും പുനഃപരിശോധിക്കുന്ന വിധിയുടെ നിയമപരിസരത്ത്‌ വരും. ഈ കേസുകളിലൂടെ ഉയരുന്ന ഏഴ്‌ ചോദ്യം പുതിയ ബെഞ്ചിന്റെ പരിശോധനയ്‌ക്ക്‌ വിടുകയാണ്‌'–- ചീഫ്‌ജസ്‌റ്റിസ്‌ വിധിന്യായത്തിൽ പറഞ്ഞു.

ഭൂരിപക്ഷ ഉത്തരവ്‌ ചീഫ്ജസ്റ്റിസും വിയോജിച്ചുള്ള ഉത്തരവ്‌ ജസ്‌റ്റിസ്‌ നരിമാനും എഴുതി. 77 പേജ്‌ വിധിന്യായത്തിൽ ഭൂരിപക്ഷ ഉത്തരവ്‌ ഒമ്പതു പേജിൽ ഒതുങ്ങി.

7 അംഗബെഞ്ച്‌ പരിഗണിക്കേണ്ട കാര്യങ്ങൾ

ഭരണഘടനയിലെ  മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും അനുവദിക്കുന്ന 25, 26 അനുച്ഛേദങ്ങളും തുല്യത ഉറപ്പുനൽകുന്ന 14–-ാം അനുച്ഛേദമടക്കം മൂന്നാംഭാഗത്തിൽ പറയുന്ന മൗലികാവകാശങ്ങളും തമ്മിൽ ഇഴചേരൽ എത്രത്തോളമാകാം.

മതസ്വാതന്ത്ര്യം പരാമർശിക്കുന്ന ഭരണഘടനയുടെ 25(1) അനുച്‌ഛേദത്തിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്നീ പ്രയോഗങ്ങളുടെ അന്തഃസത്തയെന്ത്‌.
‘ധാർമികത’, ‘ഭരണഘടനാധാർമികത’ എന്നീ പ്രയോഗങ്ങൾ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ആമുഖത്തിൽ പരാമർശിക്കപ്പെടുംവിധം വിശാലാർഥത്തിലാണോ അതോ മതവിശ്വാസത്തിലും ഭക്തിയിലും ഒതുങ്ങിനിൽക്കുന്നതാണോ ധാർമികത എന്ന്‌ പരിശോധിക്കണം.

ഒരു പ്രത്യേക ആചാരം മതത്തിന്റെ അവിഭാജ്യഘടകമാണോ എന്നതിനെക്കുറിച്ചും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങൾ സംബന്ധിച്ചും ഏത്‌ അളവുവരെ കോടതികൾക്ക്‌ പരിശോധനയാകാം. അതല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ആ മതവിഭാഗത്തിന്റെ മേധാവിയുടെ തീർപ്പിനായി അന്തിമമായി വിട്ടുനൽകാമോ.
ഭരണഘടനയുടെ 25(2)ബി യിൽ പറയുന്ന ഹിന്ദുവിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർഥമെന്ത്‌.

ഒരു മതവിഭാഗത്തിന്റെയോ അതല്ലെങ്കിൽ ആ മതത്തിൽത്തന്നെയുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെയോ ‘അനിവാര്യമായ മതാചാരങ്ങൾക്ക്‌’ 26–-ാം അനുച്‌ഛേദപ്രകാരമുള്ള ഭരണഘടനാസംരക്ഷണം ആവശ്യമുണ്ടോ.

ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളെ ആ വിഭാഗത്തിന്‌ പുറത്തുള്ളവർ ചോദ്യംചെയ്‌തുള്ള പൊതുതാൽപ്പര്യ ഹർജികൾ  അംഗീകരിക്കുന്നതിനുള്ള അനുവദനീയപരിധി എത്രമാത്രമാകണം.

ശിരൂർ മഠം,  അജ്‌മീർ ദർഗ കേസ്‌ വിധികളിലെ വൈരുധ്യം പരിശോധിക്കണം
ശിരൂർ മഠം കേസിലും അജ്‌മീർ ദർഗ കേസിലും വിധികൾ തമ്മിലുള്ള വൈരുദ്ധ്യം പുതുതായി രൂപീകരിക്കുന്ന ഏഴംഗ ബഞ്ച്‌ പരിശോധിക്കണം. ശിരൂർ മഠം കേസിൽ സുപ്രീം കോടതിയുടെ ഏഴംഗബഞ്ചും അജ്‌മീർ ദർഗാ കേസിൽ അഞ്ചംഗ ബെഞ്ചും പരസ്‌പരവിരുദ്ധ വിധി  പുറപ്പെടുവിച്ചിരുന്നു. ശിരൂർ കേസിൽ ആചാരങ്ങളുടെ കാര്യത്തിൽ പ്രത്യേക മതവിഭാഗത്തിന്‌ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന്‌  വിധിച്ചപ്പോൾ അജ്‌മീർ കേസിൽ ദർഗയുടെ ഭരണകാര്യത്തിൽ കോടതി ഇടപെട്ടുകൊണ്ടുള്ളതായിരുന്നു വിധി.
കേരള ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം പരിശോധിക്കണം

1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനചട്ടങ്ങൾ ശബരിമലയ്‌ക്ക്‌ ബാധകമാണോ എന്ന്‌ പരിശോധിക്കണം. 
എല്ലാ ഹിന്ദുക്കൾക്കും ലിംഗ, ജാതി വ്യത്യാസമില്ലാതെ ക്ഷേത്രപ്രവേശം ഉറപ്പുവരുത്തണമെന്ന്‌ ഇൗ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.  എന്നാൽ ചട്ടത്തിലെ 3(ബി) പ്രകാരം ഒരു പൊതു ആരാധാനാലയത്തിൽ അവിടുത്തെ  ആചാരാനുഷ്‌ഠാന പ്രകാരം സ്‌ത്രീകൾക്ക്‌ ആർത്തവകാലത്ത്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്താവുന്നതാണ്‌. ഇതു പ്രകാരമാണ്‌ ശബരിമലയിൽ 10 നും 50 നും ഇടയ്‌ക്ക്‌ പ്രായമുള്ള സ്‌ത്രീകൾക്ക്‌ പ്രവേശനം നിഷേധിച്ചിരുന്നത്‌. ഈ വ്യവസ്ഥ സുപ്രീംകോടതി 2018 സെപ്‌തംബർ 28 ലെ വിധിയിൽ റദ്ദാക്കിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top