20 November Wednesday

ശബരിമലവിധിക്കുശേഷം ഭീഷണിയെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2019

ന്യൂഡൽഹി > ശബരിമലയിൽ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കാമെന്ന വിധിക്കുപിന്നാലെ തനിക്ക്‌ നേരെ വധഭീഷണിയും അസഭ്യവർഷവുമുണ്ടായെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌. വിധിക്ക്‌ പിന്നാലെ  സാമൂഹ്യമാധ്യമങ്ങളിൽ  ഹീനമായ രീതിയിൽ  ആക്രമണമുണ്ടായെന്ന്‌ മുംബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം വെളിപ്പെടുത്തി.

‘വിധിക്കുശേഷം ചില നിയമവിദ്യാർഥികളും ക്ലർക്കുമാരുമാണ്‌ ഈ വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്‌. സാമൂഹ്യമാധ്യമങ്ങളിൽനിന്ന്‌ കഴിയുന്നതും അകന്നുനിൽക്കണമെന്ന്‌ അവർ പറഞ്ഞു. പേടിപ്പെടുത്തുന്ന രീതിയിലുള്ള ഭീഷണികളും ശകാരങ്ങളുമാണ്‌ നടത്തുന്നത്‌. ജഡ്‌ജിമാർ സുരക്ഷിതരാണോയെന്ന്‌ ആശങ്കയുണ്ടെന്നും അവർ എന്നോട്‌ പറഞ്ഞു’–- ജസ്‌റ്റിസ്‌ ചന്ദ്രചൂഢ്‌ പറഞ്ഞു. ശബരിമല വിധിന്യായത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ‘ശബരിമലയിൽ പ്രത്യേക പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ പ്രവേശനവിലക്കേർപ്പെടുത്തിയത്‌ തൊട്ടുകൂടായ്‌മയ്‌ക്ക്‌ തുല്യമാണ്‌.

ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള ആരാധനാസ്വാതന്ത്ര്യത്തിന്റെ നിഷേധമാണിത്‌. വ്യക്തിപരമായ വീക്ഷണങ്ങൾ മാറ്റിവച്ച്‌ എല്ലാവശങ്ങളും പരിശോധിച്ചശേഷമുള്ള വിധിന്യായങ്ങളാണ്‌ ന്യായാധിപന്മാർ പുറപ്പെടുവിക്കേണ്ടത്‌’. ശബരിമല വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ഇന്ദുമൽഹോത്രയെ ചന്ദ്രചൂഢ്‌ ന്യായീകരിച്ചു. ‘ശബരിമല കേസിൽ എന്റെ സഹപ്രവർത്തകയായ ഇന്ദുമൽഹോത്ര ഭിന്നവിധിയാണ്‌ പുറപ്പെടുവിച്ചത്‌. അതിന്റെ അർഥം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുകൂടി ഈ വിഷയത്തിൽ ഉണ്ടെന്നാണ്‌’–- അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top