18 June Friday

വിദേശമാധ്യമങ്ങളെ 
"തിരുത്തിക്കാന്‍' ആഹ്വാനം ; ഓക്‌സിജൻ ക്ഷാമം ഭൂമിശാസ്‌ത്രപരമായ
പ്രശ്‌നമെന്ന്‌ ന്യായീകരിക്കണമെന്ന്

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തടയുന്നതിൽ മോഡി സർക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്ന വിദേശ മാധ്യമ റിപ്പോർട്ടുകളെ ‘പ്രതിരോധി’ക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളോട്‌ വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ ആഹ്വാനം ചെയ്‌തു. ഓക്‌സിജൻ ക്ഷാമം ഉൽപ്പാദനം കുറഞ്ഞതുകൊണ്ടല്ല. ഉൽപ്പാദന കേന്ദ്രങ്ങൾ ചുരുക്കം സ്ഥലങ്ങളിൽ ആയതിനാൽ ഭൂമിശാസ്‌ത്രപരമായി സംഭവിച്ച പ്രശ്‌നമാണ്‌ എന്ന്  ന്യായീകരണമെന്നാണ് ആഹ്വാനം. പരമാവധി രാജ്യങ്ങളോട്‌ സഹായം തേടാനും മരുന്നുകളടക്കം സാമഗ്രികൾ സംഭരിച്ച്‌ അയക്കാനും നയതന്ത്രജ്ഞരോട്‌ വിദേശമന്ത്രി ആവശ്യപ്പെട്ടു. ജയ്‌ശങ്കറിന്‌ പുറമെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, വിദേശകാര്യ സെക്രട്ടറി ഹർഷ്‌ സിംഗ്ല ഓണ്‍ലൈന്‍യോ​ഗത്തില്‍ പങ്കെടുത്തു.

ന്യൂയോർക്ക്‌ ടൈംസ്‌, ഗാർഡിയൻ, ലെ മൊണ്ടെ, സ്‌ട്രെയിറ്റ്‌സ്‌ ടൈംസ്‌, ദി ആസ്‌ത്രേലിയൻ, ടൈം വാരിക തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ എഡിറ്റോറിയലുകളിലൂടെയും വിശകലനങ്ങളിലൂടെയും വാർത്തകളിലൂടെയും മറ്റും മോഡി സർക്കാരിനെതിരെ രൂക്ഷവിമർശം ഉയർത്തി. ഇതോടൊപ്പം ബിബിസി, അൽജസീറ തുടങ്ങിയ അന്തർദേശീയ ദൃശ്യമാധ്യമങ്ങൾ കോവിഡ്‌ രോഗികളുടെ കാത്തിരിപ്പ്‌, ആംബുലൻസുകളുടെ നീണ്ട നിര, കൂട്ട ശവസംസ്‌കാരം എന്നിവയുടെ ദൃശ്യങ്ങൾ സഹിതമുള്ള റിപ്പോർട്ടുകളും നൽകി.

ബംഗാളിലെ നീണ്ട തെരഞ്ഞെടുപ്പ്‌ സമയക്രമം, മോഡി അടക്കമുള്ളവരുടെ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള വൻറാലികൾ, ലക്ഷങ്ങൾ പങ്കെടുത്തുള്ള കുംഭമേള എന്നിവയെല്ലാം രോഗവ്യാപനത്തിന്‌ കാരണമായെന്നാണ്‌ വിദേശ മാധ്യമങ്ങൾ വിമർശിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top