ന്യൂഡൽഹി
രാജ്യത്തെ റബർകൃഷിയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ജന്തർ മന്തറിൽ അഖിലേന്ത്യ കിസാൻസഭ നേതൃത്വത്തിൽ റബർ കർഷകരുടെ ഉജ്വല മാർച്ചും ധർണയും. കേരളം, ത്രിപുര, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് കർഷകർ പങ്കെടുത്തു. റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക, കിലോഗ്രാമിന് 300 രൂപയെങ്കിലും താങ്ങുവില നൽകുക, ആസിയാൻ കരാർ അടക്കമുള്ള സ്വതന്ത്രവ്യാപാര ഉടമ്പടികളിൽനിന്ന് പിന്മാറുക, കർഷകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്ന ടയർ വ്യവസായികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
ബിജെപി സർക്കാർ തുടക്കമിടുകയും 2009ൽ യുപിഎ സർക്കാർ ഒപ്പിടുകയും ചെയ്‌ത ആസിയാൻ കരാറിന്റെ ഫലമായി കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്ന് തീരുവയില്ലാതെ വൻതോതിൽ റബർ ഇറക്കുമതി ചെയ്യുകയാണെന്ന് ധർണ ഉദ്‌ഘാടനംചെയ്‌ത് കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ചൂണ്ടിക്കാട്ടി. ആസിയാൻ കരാർ റബർ കർഷകർക്ക് ഗുണകരമാകുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നു. വില ഗണ്യമായി ഇടിയുകയാണ് ചെയ്‌തത്. എംആർഎഫ് അടക്കമുള്ള ടയർ കമ്പനികൾക്കാണ് ആസിയാൻ കരാർ നേട്ടമായത്. കോംപറ്റീഷൻ കമീഷൻ ടയർ കമ്പനികൾക്ക് ചുമത്തിയ 1788 കോടി രൂപ പിഴ റബർ കർഷകർക്ക് വീതിച്ചുനൽകണമെന്ന് ധർണയിൽ ആവശ്യപ്പെട്ടു.
കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, വൈസ് പ്രസിഡന്റുമാരായ ഇ പി ജയരാജൻ, ഹന്നൻ മൊള്ള, എം വിജയകുമാർ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, ജോയിന്റ് സെക്രട്ടറിമാരായ വൽസൻ പനോളി, പബിത്ര കർ, റബർ സബ്‌കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, എൻ രവി, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, ജോയിന്റ് സെക്രട്ടറി വിക്രംസിങ്, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..