11 October Friday

ഒറ്റ തെരഞ്ഞെടുപ്പ്‌ ; എല്ലാ അധികാരവും ഒറ്റ നേതാവിന് 
കൈമാറാന്‍ നീക്കം : സിപിഐ എം

സ്വന്തം ലേഖകൻUpdated: Friday Sep 20, 2024


ന്യൂഡൽഹി
ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’സംവിധാനം  എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന്  സിപിഐ എം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത്‌ നീക്കത്തെയും സിപിഐ എം നഖശിഖാന്തം പ്രതിരോധിക്കും. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ബഹുസ്വരതയെയും ആദരിക്കുന്ന എല്ലാ പാർടികളും  കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ നടപടിയെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം–- പൊളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെയും ഫെഡറൽഘടനയുടെയും അടിത്തറ തകർക്കും. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അതിനെ കൂട്ടിയിണക്കുന്നതുമാണ്‌. ഒരു സംസ്ഥാന സർക്കാർ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്‌താൽ സഭയുടെ ശേഷിച്ച കാലയളവിലേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി. ഇതുൾപ്പടെയുള്ള കോവിന്ദ്‌ സമിതിയുടെ ശുപാർശകൾ അഞ്ചുവർഷക്കാലത്തേക്ക്‌ ജനങ്ങൾക്ക്‌ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഭരണഘടന നൽകിയ അധികാരം കവരുന്നു. മാത്രമല്ല, അവശേഷിച്ച കാലത്തേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ശുപാർശ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ മാതൃകയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കുനേരെ ചോദ്യചിഹ്നം ഉയർത്തുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന്‌ പിന്നാലെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ്‌ നടത്തേണ്ടി വരും.

പഞ്ചായത്ത്‌, മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ നടത്താനുള്ള ശുപാർശയിലാകട്ടെ ഫെഡറലിസത്തിന്‌ നേരെയുള്ള വഞ്ചനാപരമായ കടന്നാക്രമണം കൂടുതൽ പ്രകടം. വികേന്ദ്രീകൃത രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവകാശമുള്ള തദ്ദേശസ്ഥാപനങ്ങളെന്ന സങ്കൽപ്പത്തെതന്നെ തകർക്കുന്നതാണ്‌ ഈ ശുപാർശ. തദ്ദേശതെരഞ്ഞെടുപ്പുകൾ നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്‌. ഇന്ത്യയുടെ മഹാവൈവിധ്യവും ഒരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്‌ത സാഹചര്യങ്ങളും കണക്കിലെടുക്കാതെയുള്ള ഈ ശുപാർശ ശുദ്ധഅസംബന്ധമാണ്‌–- പിബി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top