18 November Monday

സംവരണം തർക്കവിഷയം , രാഷ്‌ട്രീയചർച്ചയാക്കേണ്ട ; നിലപാട്‌ കടുപ്പിച്ച്‌ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ന്യൂഡൽഹി
സംവരണത്തിനെതിരായ നിലപാട്‌ കടുപ്പിച്ച്‌ വീണ്ടും ആർഎസ്‌എസ്‌. സംവരണം തർക്കവിഷയമാണെന്നും കൂടുതൽ ചർച്ച വേണമെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവത്‌ പറഞ്ഞു. ഈ വിഷയത്തിൽ മുമ്പ്‌ നടത്തിയ പ്രസ്‌താവനകൾ വിവാദമായിട്ടുണ്ടെന്നും സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചർച്ച നടക്കണമെന്നും ഭഗവത്‌ പറഞ്ഞു. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ അഭിപ്രായം മാനിക്കണമെന്നും ഇഗ്‌നോയിൽ ആർഎസ്‌എസ്‌ ഘടകസംഘടന  സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ നിലവിലുള്ള സംവരണം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന്‌ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ ഭഗവത്‌ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി ആർഎസ്‌എസ്‌ നേതാക്കൾ സംവരണവിരുദ്ധ പ്രസ്‌താവനകൾ നടത്തി. പ്രതിഷേധം ഉയർന്നപ്പോൾ താൽക്കാലികമായി പിൻവാങ്ങി. കേന്ദ്രത്തിൽ ബിജെപിക്ക്‌ അധികാരത്തുടർച്ച ലഭിച്ചതോടെ സംവരണവിരുദ്ധ അജൻഡ ആർഎസ്‌എസ്‌ വീണ്ടും പുറത്തെടുക്കുകയാണ്‌.

മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായാണ്‌ ഇപ്പോൾ വിഷയം വീണ്ടുമുയർത്തുന്നത്‌. ജമ്മു -കശ്‌മീർ, മുത്തലാഖ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആർഎസ്‌എസ്‌ അജൻഡ മോഡി സർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിലാണ്‌ സംവരണം വീണ്ടും ചർച്ചയിൽ കൊണ്ടുവരുന്നത്‌. ഭരണഘടനാപരമായ സംരക്ഷണത്തോടെയാണ്‌ രാജ്യത്ത്‌ സംവരണം നടപ്പാക്കുന്നത്‌. എന്നിട്ടും സംവരണം വിവാദവിഷയമാണെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ശ്രമം. സംവരണത്തിനെതിരായ അഭിപ്രായം ശക്തമാണെന്ന്‌ ഭഗവത്‌ ആവർത്തിക്കുന്നത്‌ കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ്‌. വരുംനാളുകളിൽ സംവരണവിരുദ്ധ ചർച്ച  ഉയർത്തിക്കൊണ്ടുവരാനാണ്‌ ലക്ഷ്യമിടുന്നത്‌.  

രാഷ്‌ട്രീയചർച്ചയാക്കേണ്ടെന്ന്‌ ആർഎസ്‌എസ്‌
ന്യൂഡൽഹി
ഭഗവതിന്റെ പ്രസ്‌താവന രാഷ്‌ട്രീയചർച്ചയാക്കേണ്ടെന്ന്‌ ആർഎസ്‌എസ്‌ പ്രചരണ വിഭാഗം തലവൻ അരുൺകുമാർ പറഞ്ഞു. ബിജെപി സംവരണത്തിന്‌ അനുകൂലമാണെന്നും അതു തുടരണമെന്നാണ്‌ നിലപാടെന്നും  ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു പ്രതികരിച്ചു.

ദളിത്‌–-പിന്നോക്കവിരുദ്ധത പുറത്തായി
ആർഎസ്‌എസിന്റെയും ബിജെപിയുടെയും ദളിത്‌–-പിന്നോക്കവിരുദ്ധ മുഖം പുറത്തുവന്നതായി കോൺഗ്രസ്‌ പ്രതികരിച്ചു. സംവരണം നിർത്തലാക്കാൻ ഭരണഘടന ഭേദഗതി ചെയ്യാനാണ്‌ നീക്കമെന്നും കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല ട്വീറ്റ്‌ ചെയ്‌തു.

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top