26 May Tuesday
വായ്‌പ തിരിച്ചടവിന്‌ 3 മാസം അവധി

പലിശ കുറയും; റിപോ 4.4 ശതമാനം, റിവേഴ്‌സ്‌ റിപോ 4 ശതമാനം ; 2009നുശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കല്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


ന്യൂഡൽഹി
വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിന്‌ റിസർവ്‌ ബാങ്ക്‌ റിപോ നിരക്കുകളും കരുതൽ ധനനിക്ഷേപ അനുപാതവും കുത്തനെ കുറച്ചു. 2009 ജനുവരിക്കുശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്‌ക്കലാണ്‌. ഇതിലൂടെ  3.74 ലക്ഷം കോടി രൂപ വിപണിയിൽ അധികം ലഭ്യമാകും.  എല്ലാ വായ്‌പകളുടെയും  പ്രതിമാസ വായ്പാ തിരിച്ചടവിന്‌ (ഇഎംഐ) മൂന്നുമാസത്തേക്ക്‌ അവധി നൽകാൻ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. വിപണിയിലും സമ്പദ്‌ഘടനയിലും  കോവിഡ്‌ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും പണനയ അവലോകനസമിതിയുടെ അടിയന്തരയോഗത്തിനുശേഷം റിസർവ്‌ ബാങ്ക്‌ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മാർച്ച്‌ 31ന് ചേരേണ്ട പണനയ അവലോകനയോഗം  നേരത്തേ ചേരുകയായിരുന്നു. സമിതിയിലെ ആറ്‌ അംഗങ്ങളിൽ രണ്ട്‌ പേർ റിപ്പോനിരക്കിൽ അരശതമാനം കുറവ്‌ മതിയെന്നു വാദിച്ചു. പണലഭ്യത പണപ്പെരുപ്പത്തിനു വഴിതെളിക്കാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുമെന്നും റിസർവ്‌ ബാങ്ക്‌ ഗവർണർ പറഞ്ഞു.

● വാണിജ്യബാങ്കുകൾക്ക്‌ റിസർവ്‌ബാങ്ക്‌ നൽകുന്ന ഹ്രസ്വകാല വായ്‌പകൾക്ക്‌ പലിശനിരക്കായ റിപോ 0.75 ശതമാനം കുറച്ച്‌ 4.4 ശതമാനമാക്കി

● വാണിജ്യബാങ്കുകളിൽനിന്ന്‌ റിസർവ്‌ബാങ്ക്‌ എടുക്കുന്ന വായ്‌പയുടെ പലിശനിരക്കായ റിവേഴ്‌സ്‌ റിപോ 0.9 ശതമാനം കുറച്ച് നാല്‌ ശതമാനമാക്കി

● വാണിജ്യ ബാങ്കുകൾ  റിസർവ്‌ ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ (സിആർആർ) തോത്‌ നാലിൽനിന്ന്‌ മൂന്ന്‌ ശതമാനമായി കുറച്ചു. ബാങ്കുകൾക്ക്‌ റിസർവ്‌ബാങ്കിൽനിന്ന്‌ എടുക്കാവുന്ന വായ്‌പയുടെ (എംഎസ്‌എഫ്‌) അനുപാതം രണ്ടിൽനിന്ന്‌ മൂന്ന്‌ ശതമാനമായി ഉയർത്തി. എംഎസ്‌എഫ്‌ പലിശനിരക്ക്‌ 5.40ൽനിന്ന്‌ 4.65 ആയി കുറച്ചു.

● വായ്‌പാ തിരിച്ചടവുകൾക്ക്‌ ജൂണ്‍ 30വരെ അവധി. വിദ്യാഭ്യാസ, ഭവന, വാഹന വായ്പകളെല്ലാം  ഇതിൽപ്പെടും. മേഖല ഗ്രാമീണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, ബാങ്കിങ്‌ ഇതര ധനകാര്യസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, മൈക്രോഫിനാൻസ്‌ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നിര്‍ദേശം ബാധകം. ഈ മാസങ്ങളിൽ തിരിച്ചടവ്‌ മുടങ്ങിയാൽ കിട്ടാക്കടമായി കണക്കാക്കരുത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top