ന്യൂഡൽഹി
ഡോളറുമായുള്ള വിനിമയമൂല്യത്തകർച്ചയിൽനിന്ന് കരകയറാതെ രൂപ. ഡോളറിന് 77.33 രൂപ എന്ന നിലയിൽ ചൊവ്വാഴ്ച ഇടപാട് നിർത്തി.
ഒരുഘട്ടത്തിൽ ഡോളറിന് 77.46 എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. തൊട്ടുമുൻദിവസം ഡോളറിന് 77.44 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. എണ്ണവിലയിലെ ഇടിവാണ് രൂപയ്ക്ക് തെല്ല് ആശ്വാസമായത്. എന്നാൽ, വിദേശനിക്ഷേപകർ ഓഹരികൾ വിറ്റ് പിൻവലിയുന്നതും ആഭ്യന്തരആവശ്യം കുറഞ്ഞിരിക്കുന്നതും രൂപയുടെ നില പരുങ്ങലിലാക്കുന്നു. രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളും രൂപയ്ക്ക് ക്ഷീണമാണ്. വരുംനാളുകളിലും രൂപയുടെ വിനിമയമൂല്യം ഇടിയാനാണ് സാധ്യതയെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
പണപ്പെരുപ്പനിരക്ക് 7.5 ശതമാനം
കടക്കുമെന്ന് നിഗമനം
രാജ്യത്തെ പണപ്പെരുപ്പനിരക്ക് കഴിഞ്ഞ മാസം 7.5 ശതമാനം കടന്നിട്ടുണ്ടാകാമെന്ന് റോയിട്ടേഴ്സ്. 45 പ്രമുഖ സാമ്പത്തികവിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സിന്റെ നിഗമനം. ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും രൂക്ഷമായ വിലക്കയറ്റമാണ് പണപ്പെരുപ്പം കുതിക്കാൻ കാരണം. പണപ്പെരുപ്പനിരക്ക് ആറ് ശതമാനത്തിൽ കൂടുതലാകരുതെന്നാണ് റിസർവ്ബാങ്ക് നിഷ്കർഷിക്കുന്നത്. എന്നാൽ തുടർച്ചയായി നാല് മാസം പണപ്പെരുപ്പനിരക്ക് ആറ് ശതമാനത്തിൽ കൂടുതലാണ്. ഏപ്രിലിലെ പണപ്പെരുപ്പത്തിന്റെ ഔദ്യോഗികകണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ചിൽ പണപ്പെരുപ്പനിരക്ക് 6.95 ശതമാനമായതോടെ റിസർവ്ബാങ്ക് റിപ്പോനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..