24 October Thursday

മാന്ദ്യമെന്ന്‌ റിസർവ്‌ ബാങ്കും

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

ന്യൂഡൽഹി
രാജ്യത്ത്‌ മാന്ദ്യമെന്ന്‌ സമ്മതിച്ച്‌ റിസർവ്‌ ബാങ്കും.  വിപണിമാന്ദ്യമാണ്‌ സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന്‌ റിസർവ്‌ബാങ്കിന്റെ  2018–-19ലെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ്‌ സമ്പദ്‌ഘടനയെ തളർത്തിയത്‌. സാമ്പത്തിക തകർച്ച സംബന്ധിച്ച കേന്ദ്രസർക്കാർ വാദങ്ങൾക്ക്‌ വിരുദ്ധമാണ്‌ റിസർവ്‌ ബാങ്കിന്റെ റിപ്പോർട്ട്‌.

ആഗോളമാന്ദ്യം ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികക്കുഴപ്പം ന്യായീകരിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.  കൃഷി, ഉൽപ്പാദനം, വാണിജ്യം, ഹോട്ടൽ, ഗതാഗതം, വിവരവിനിമയം, വാർത്താപ്രക്ഷേപണം, നിർമാണ മേഖലകളിലെല്ലാം മാന്ദ്യം പ്രകടമാണെന്ന്‌ റിസർവ്‌ബാങ്ക്‌ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വകാര്യനിക്ഷേപത്തിലെ ഇടിവും കാരണമാണ്‌. കഴിഞ്ഞ വർഷം തുടക്കത്തിൽ പ്രതീക്ഷാജനകമായിരുന്നെങ്കിലും രണ്ടാം പാദത്തിൽ സ്ഥിതി മോശമായി. തുടർന്ന്‌ എല്ലാ മേഖലകളും താഴോട്ടുപോയി. ചോദനയിലുള്ള സാർവത്രിക ഇടിവ്‌ സാമ്പത്തികസ്ഥിരത അപകടത്തിലാക്കും.

 നടപ്പുവർഷം ജനങ്ങളുടെ വാങ്ങൽ ശേഷിയും സ്വകാര്യനിക്ഷേപവും വർധിപ്പിക്കാൻ സർക്കാർ മുൻഗണന നൽകണം. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ മുതൽമുടക്ക്‌ വർധിപ്പിക്കുകയും ബാങ്കിങ്‌–-ബാങ്കിങ്‌ ഇതര ധനകാര്യസ്ഥാപനങ്ങളുടെ കരുത്ത്‌ വീണ്ടെടുക്കുകയുംവേണം.
രാജ്യത്തെ കറൻസിയുടെ എണ്ണവും മൂല്യവും 2018–-19ൽ വർധിച്ചു. മൂല്യം 17 ശതമാനം വർധിച്ച്‌ 21.11 ലക്ഷം കോടി രൂപയായി. എണ്ണം 10875.90 കോടിയായി. ഡിജറ്റൽ പണമിടപാടിനെക്കുറിച്ചുള്ള സർക്കാർ അവകാശവാദവും ശരിയല്ലെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌.

ഓഹരിവിപണിയിൽ ഇടിവ്‌

കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ ഫലശൂന്യമാക്കി മുംബൈ ഓഹരിവിപണി സൂചിക (സെൻസെക്‌സ്‌)യും ദേശീയ വിപണി സൂചിക (നിഫ്‌റ്റി)യും  തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. വ്യാഴാഴ്‌ച സെൻസെക്‌സ്‌ 383 പോയിന്റ്‌ ഇടിഞ്ഞ്‌ 37,069 എന്ന നിരക്കിലെത്തി. നിഫ്‌റ്റി 98 പോയിന്റിടിഞ്ഞ്‌ 10,948ലുമെത്തി.
വിപണിമാന്ദ്യവും ഭൂരിപക്ഷം കമ്പനികളുടെയും ഓഹരിമൂലധന മൂല്യത്തിൽ നഷ്ടം സംഭവിച്ചതുമാണ്‌ വിപണിയെ പ്രതികൂലമായി ബാധിച്ചത്‌. മാന്ദ്യം അകറ്റാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടികൾ പര്യാപ്‌തമല്ലെന്ന്‌ വിപണിവിദഗ്‌ധർ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top