09 November Saturday

പോരാട്ടവഴികളിലെ യെച്ചൂരിയെ അനുസ്‌മരിച്ച്‌ പ്രിയ സഖാക്കൾ

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2024

ഡൽഹി പ്രസ്‌ ക്ലബ് ഓഫ്‌ ഇന്ത്യയിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ സംസാരിക്കുന്നു- ഫോട്ടോ: പി വി സുജിത്

ന്യൂഡൽഹി> ജെഎൻയുവിന്റെ പോരാട്ടഭൂമിയിൽ ഉദിച്ചുയർന്ന സീതാറാം യെച്ചൂരി ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളായി  വളർന്നതിന്റെ അനുഭവങ്ങളും ഓർമകളും പങ്കിട്ട്‌ പ്രിയസഖാക്കൾ. പ്രസ്‌ ക്ലബ് ഓഫ്‌ ഇന്ത്യയിൽ നടന്ന അനുസ്‌മരണയോഗത്തിൽ ജെഎൻയു വിദ്യാർഥി യൂണിയന്റെ ആദ്യകാല സാരഥികൾ സീതാറാം യെച്ചൂരിയെന്ന വ്യക്തിയെയും വിപ്ലവകാരിയെയും രാഷ്ട്രീയനേതാവിനെയും അനുസ്‌മരിച്ചു. ജെഎൻയു വിദ്യാർഥി യൂണിയന്റെ ആദ്യ പ്രസിഡന്റായിരുന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌കാരാട്ടാണ്‌ ഓർമകൾ ആദ്യം പങ്കുവെച്ചത്‌.

‘1973ലാണ്‌ സീതാറാം എംഎ എക്കണോമിക്‌സിന്‌ ജെഎൻയുവിൽ ചേരുന്നത്‌. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി മത്സരിച്ച എനിക്കുവേണ്ടി സീതാറാം പ്രചരണത്തിറങ്ങി. അതിലൂടെയാണ്‌ രാഷ്ട്രീയരംഗത്ത്‌ സജീവമായതെന്ന്‌ സീതാറാം  എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. 74 മുതൽ ഞങ്ങൾ ഒരുമിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി. അടിയന്തരാവസ്ഥയ്‌ക്കുശേഷം യൂണിയൻ പ്രസിഡന്റായ സീതാറാം അടിയന്തിരാവസ്ഥയ്‌ക്ക്‌ മുമ്പുള്ള ജെഎൻയുവിനെ പുനഃസൃഷ്ടിക്കാനുള്ള കഠിനപ്രയത്നത്തിൽ ഏർപ്പെട്ടു. ചാൻസലറായ ഇന്ദിരാഗാന്ധിക്ക്‌ എതിരായ കുറ്റപത്രം അവർക്ക്‌ മുന്നിൽനിന്ന്‌ അദ്ദേഹം വായിക്കുന്ന ചരിത്രമുഹൂർത്തം ജനിച്ചു.

പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒന്നാം മോദിസർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ജെഎൻയുവിന്‌ നേരെ കടന്നാക്രമണം ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ സീതാറാം രംഗത്തെത്തി. ഹിന്ദുത്വരാഷ്ട്രമെന്ന ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള നീക്കത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി ജെഎൻയു ആയതിനാൽ അതിനെ തകർക്കാനാണ്‌ മോദിസർക്കാർ ശ്രമിക്കുന്നതെന്ന്‌ സീതാറാം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ജെഎൻയുവിന്‌ എതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതാണ്‌ സീതാറാമിന്‌ നൽകുന്ന വലിയ ആദരാഞ്‌ജലി’– കാരാട്ട്‌ പറഞ്ഞു.

ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റുമാരായ ഡി രഘുനന്ദൻ, ജഗദീശ്വർ ചതുർവേദി, രശ്‌മി ദൊരൈസ്വാമി, ടി കെ അരുൺ, നളിനി രഞ്‌ജൻ മൊഹന്തി, അമിത്‌സെൻ ഗുപ്‌ത, സുരജിത്‌ മജുംദാർ തുടങ്ങിയവർ സംസാരിച്ചു. സൊഹൈൽ ഹാഷ്‌മി മോഡറേറ്റായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top