18 September Wednesday

കശ്‌മീരിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ; രണ്ടാഴ്‌ചയ്‌ക്കിടെ 152 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ന്യൂഡൽഹി > കശ്‌മീരിൽ വെള്ളിയാഴ്‌ച നിസ്‌കാരത്തിനു മുന്നോടിയായി സുരക്ഷാസന്നാഹവും നിയന്ത്രണങ്ങളും ശക്തമാക്കി. യുഎൻ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടർന്നാണ്‌ നിയന്ത്രണം കർശനമാക്കിയതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ യുഎന്നിന്റെ മിലിട്ടറി ഒബ്‌സർവർ ഗ്രൂപ്പ്‌ ഫോർ ഇന്ത്യ ആൻഡ്‌ പാകിസ്ഥാൻ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തുമെന്ന പോസ്റ്ററുകൾ ശ്രീനഗറിൽ വ്യാപകമായിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച ആഗസ്‌ത്‌ അഞ്ചിനുശേഷം ആദ്യമായാണ്‌ ഇത്തരം ആഹ്വാനമുണ്ടായത്‌.

 ശ്രീനഗറിലെ യുഎൻ ഓഫീസിലേക്കുള്ള വഴിയിൽ ഒന്നിലേറെ ബാരിക്കേഡുകളും നിരവധി അർധ സൈനികരെയും വിന്യസിച്ചു. പൊതുഗതാഗതവും നിരോധിച്ചു. പ്രതിഷേധങ്ങൾ ഉണ്ടായ നഗരത്തിലെ പഴയ മേഖലകളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചു. എല്ലാ തെരുവിലും മുള്ളുകമ്പികൾ നിരത്തി. കർഫ്യൂ പ്രഖ്യാപിച്ചും ആളുകൾ വീടുകളിൽനിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ വിളിച്ചുപറഞ്ഞും പൊലീസ്‌ വാഹനങ്ങൾ വിവിധ മേഖലകളിൽ സഞ്ചരിച്ചു. ശ്രീനഗറിൽ കടകളും ചന്തകളും അടഞ്ഞുകിടക്കുകയാണ്‌. ദാൽ തടാകവും സഞ്ചാരികളില്ലാതെ ആളൊഴിഞ്ഞു. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങിയെങ്കിലും കുട്ടികളുടെ എണ്ണത്തിൽ വർധനയില്ല.

 ശ്രീനഗറിൽ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതിഷേധങ്ങൾ നടന്നതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ടു ചെയ്‌തു. സൈനിക സാന്നിധ്യം ശക്തമാക്കിയശേഷം 152 പേർക്ക്‌ പെല്ലറ്റും കണ്ണീർവാതകവുമേറ്റ്‌ പരിക്കേറ്റതായും മേഖലയിലെ രണ്ട്‌ പ്രധാന ആശുപത്രികളിലെ വിവരങ്ങളുദ്ധരിച്ച്‌ റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തു.


പ്രധാന വാർത്തകൾ
 Top