29 July Thursday

കോവിഡ്‌ പ്രതിരോധ സാമഗ്രികൾക്ക്‌ നികുതിയിളവ്‌ പ്രഖ്യാപിച്ചു ; വാക്‌സിന്‌ ഇളവില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

നിർമ്മല സീതാരാമൻ (photo ANI)


ന്യൂഡൽഹി
രാജ്യത്ത്  കോവിഡ്‌ വാക്‌സിന്‌ അഞ്ച്‌ ശതമാനം ജിഎസ്‌ടി തുടരും. നികുതി ഒഴിവാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം  ജിഎസ്‌ടി കൗൺസിൽ യോ​ഗത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ തള്ളി. വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾക്കും നികുതിയിളവില്ല. ആർടിപിസിആർ മെഷീനുകൾക്കും വൈറസ്‌ ജനിതകവ്യതിയാന നിർണയ മെഷീനുകൾക്കും 18 ശതമാനം നികുതി തുടരും. മെഡിക്കൽ ഓക്‌സിജന് നികുതി അഞ്ചുശതമാനം. പരിശോധനാ കിറ്റുകൾക്ക്‌ പൂർണമായ നികുതിയിളവ്‌ വേണമെന്ന ആവശ്യവും തള്ളി.

കോവിഡ്‌ ബാധിതർക്ക്‌ നൽകുന്ന ഏതാനും ഔഷധങ്ങളുടെയും ദുരിതാശ്വാസ സാമഗ്രികളുടെയും  നികുതി  കുറയ്‌ക്കാൻ 44–-ാം ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന്‌  മുന്നറിയിപ്പുണ്ടെങ്കിലും നികുതിയിളവ്‌ പ്രഖ്യാപിച്ചത്‌  സെപ്‌തംബർ 30 വരെമാത്രം.
ബ്ലാക്ക്‌ ഫംഗസിനു പ്രതിവിധിയായി ഉപയോഗിക്കുന്ന ടോസിലിസുമാബ്‌, ആംഫോട്ടെറിസിൻ ബി എന്നിവയ്‌ക്ക്‌ ചുമത്തിവന്ന അഞ്ച്‌ ശതമാനം നികുതി താൽക്കാലികമായി എടുത്തുകളഞ്ഞു. രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഹെപ്പാരിൻപോലുള്ള ഔഷധങ്ങളുടെയും റെംഡിസിവറിന്റെയും നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി. കോവിഡ്‌ നേരിടാൻ ആരോഗ്യമന്ത്രാലയമോ ഫാർമ വകുപ്പോ നിർദേശിക്കുന്ന ഇതര ഔഷധങ്ങൾക്ക്‌ അഞ്ച്‌ ശതമാനമായിരിക്കും ജിഎസ്‌ടി.

മെഡിക്കൽ ഓക്‌സിജൻ, വ്യക്തിപരമായി ഇറക്കുമതി ചെയ്യുന്നത്‌ അടക്കമുള്ള ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, വെന്റിലേറ്റർ മാസ്‌ക്‌, കാനുല, ഹെൽമെറ്റ്‌, ബിപാപ്പ്‌ മെഷീൻ, ഹൈ ഫ്ളോ നേസൽ കാനുല, കോവിഡ്‌ പരിശോധന കിറ്റുകൾ, അനുബന്ധ രോഗനിർണയ കിറ്റുകൾ, പൾസ്‌ ഓക്‌സിമീറ്ററുകൾ എന്നിവയുടെ നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി.

ഹാൻഡ്‌ സാനിറ്റൈസർ, ശരീരോഷ്‌മാവ്‌ അളക്കാനുള്ള ഉപകരണങ്ങൾ, ശ്‌മശാന ചൂളകൾ(വാതക, ഇലക്‌ട്രിക്‌ അടക്കം) എന്നിവയുടെ നികുതി 18ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി. ആംബുലൻസുകളുടെ നികുതി 28ൽനിന്ന്‌ 12 ശതമാനമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top