21 November Thursday

ആർസിഇപി വേണ്ട; രാജ്യമെങ്ങും രോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

ന്യൂഡൽഹി > രാജ്യതാൽപ്പര്യത്തിന്‌ എതിരായ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ കർഷകരുടെ ദേശീയ പ്രക്ഷോഭം. കർഷകവിരുദ്ധവും നിഗൂഢവുമായ കരാറിനെതിരെ തലസ്ഥാന–-ജില്ലാ കേന്ദ്രങ്ങളിലായി അഞ്ഞൂറിലേറെയിടത്ത്‌ കോലം കത്തിച്ച്‌ പ്രതിഷേധിച്ചു. 250 കർഷകസംഘടനകളുടെ സംയുക്തവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (എഐകെഎസ്‌സിസി) നേതൃത്വത്തിലാണ്‌ പ്രക്ഷോഭം നടന്നത്‌.  തീരുവരഹിത വ്യാപാരം ലക്ഷ്യമിട്ടുള്ള കരാറിൽ കൃഷിയെ ഉൾപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌  ജന്തർമന്ദറിര്‍ പ്രക്ഷോഭകര്‍  ആവശ്യപ്പെട്ടു.

കർഷകപ്രതിഷേധത്തെ തുടർന്നാണ്‌ കരാർ ഒപ്പുവയ്‌ക്കുന്നതിൽനിന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ താൽക്കാലികമായി പിന്മാറേണ്ടിവന്നതെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു.  ഇത്‌ രാജ്യത്തെ കർഷകരുടെ വിജയമാണ്‌. കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിവിധ രാഷ്‌ട്രീയ പാർടികൾ എന്നിവരുടെ സംയുക്ത പ്രതിഷേധമാണ്‌ സർക്കാരിനെ പ്രതിരോധത്തിലാക്കിയത്‌. എന്നാൽ, ആർസിഇപിയുടെ ഭീഷണി പൂർണമായി ഒഴിഞ്ഞുപോയിട്ടില്ലെന്നും തുടർസമരങ്ങൾ ശക്തമാക്കുമെന്നും ഹന്നൻ മൊള്ള പറഞ്ഞു.

കരാറില്‍ ചില പ്രത്യേക മേഖല സംരക്ഷിക്കാനും കർഷകരുടെ ചെലവിൽ കോർപറേറ്റുകൾക്ക്‌ അനുകൂലമായ കരാർ ഉണ്ടാക്കാനുമാണ്‌ ശ്രമം നടക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാൽ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ കുത്തൊഴുക്ക്‌ തടയാനുള്ള നീക്കമില്ല. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്‌ത്‌ യോഗേന്ദ്ര യാദവ്‌, അയ്യാക്കണ്ണ്‌, പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവർ സംസാരിച്ചു.  കെ കെ രാഗേഷ്‌, വി പി സാനു തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top