17 January Friday

സാമ്പത്തികവളർച്ച താഴോട്ട്‌ , വില കുതിച്ചുയരും ; പതനമെന്ന്‌ റിസർവ്‌ ബാങ്ക്‌

സാജൻ എവുജിൻUpdated: Friday Dec 6, 2019


ന്യൂഡൽഹി
നടപ്പുവർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അഞ്ച്‌ ശതമാനം മാത്രമായിരിക്കുമെന്ന്‌ റിസർവ്‌ ബാങ്ക്‌. ഏഴ്‌ ശതമാനം വളർച്ച നേടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി) അഞ്ച്‌ ശതമാനമായിരിക്കുമെന്നാണ്  പണനയ അവലോകനസമിതിക്കുശേഷം ആർബിഐ പ്രഖ്യാപിച്ചത്‌. 

വിലക്കയറ്റം രൂക്ഷമായതിനാൽ  റിപോ നിരക്കിൽ മാറ്റംവരുത്തേണ്ടതില്ലെന്നും ആര്‍ബിഐ സമിതി തീരുമാനിച്ചു.  റിസർവ്‌ ബാങ്ക്‌ വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാലവായ്‌പകളുടെ പലിശനിരക്കായ റിപോ 5.15 ശതമാനമായി നിലനിർത്തി. കഴിഞ്ഞ അഞ്ച്‌ തവണയും നിരക്ക്‌ കുറച്ചിരുന്നു. 

വിപണിയിൽ പണലഭ്യത കൂട്ടാൻ  ഇക്കുറിയും നിരക്ക്‌ കുറയ്‌ക്കുമെന്നായിരുന്നു  പ്രതീക്ഷ. സമിതിയുടെ അടുത്തയോഗം 2020 ഫെബ്രുവരി നാലുമുതൽ ആറുവരെ നടക്കും.

വളർച്ച താഴോട്ട്‌

വരും മാസങ്ങളിലും സാമ്പത്തികവളർച്ച ഇടിയുമെന്നാണ്‌ ആർബിഐ നൽകിയ മുന്നറിയിപ്പ്‌.  ജനങ്ങളുടെ വാങ്ങൽശേഷി ഇടിഞ്ഞതിനാലാണ്‌ പ്രതീക്ഷിതവളർച്ചയിൽ കുറവുണ്ടാകുന്നതെന്ന്‌ സമിതി വിലയിരുത്തി. നടപ്പ്‌ വർഷത്തിന്റെ രണ്ടാം പകുതിയിൽ 6.6– -7.2 ശതമാനം വളർച്ച പ്രതീക്ഷിച്ചത്‌ 4.9– -5.15 ശതമാനമായി ഇടിയും.

ജൂലൈ–-സെപ്‌തംബർ പാദത്തിൽ വളർച്ച 4.5 ശതമാനമായി കൂപ്പുകുത്തിയിരുന്നു. ഉൽപ്പാദനമേഖലയിൽ മൊത്തം മൂല്യവർധന 4.3 ശതമാനമായി കുറഞ്ഞു. വ്യവസായ ഉൽപ്പാദനസൂചികയുടെ 40 ശതമാനംവരുന്ന എട്ട്‌ അടിസ്ഥാനമേഖലകളിൽ തുടർച്ചയായ രണ്ടാം മാസവും വന്‍ നഷ്ടം തുടരുന്നു. കൽക്കരി, വൈദ്യുതി, സിമന്റ്‌, പ്രകൃതിവാതകം, അസംസ്‌കൃത എണ്ണ എന്നീ മേഖലകളും തകര്‍ച്ചയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

വില കുതിച്ചുയരും

വരും മാസങ്ങളിൽ വിലക്കയറ്റം രൂക്ഷമാകുമെന്നും പണനയ അവലോകനസമിതി വിലയിരുത്തി. ചില്ലറ വിപണിയിലെ  വിലക്കയറ്റം 5.5 ശതമാനത്തിലേറെയാകുമെന്നാണ്‌ പ്രവചിച്ചിരിക്കുന്നത്‌.   ഭക്ഷ്യവസ്‌തുക്കളുടെ വില കുതിച്ചുയർന്നതിനാൽ ഒക്ടോബറിൽ ചില്ലറവിപണിയിലെ വിലക്കയറ്റം 4.6 ശതമാനമായിരുന്നു.  ഭക്ഷ്യപണപ്പെരുപ്പം 6.9 ശതമാനമായി.

മൂന്നരവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. ‌ഭക്ഷ്യ ഇതര മേഖലയിലെ പണപ്പെരുപ്പം സെപ്‌തംബറിൽ 3.4 ശതമാനമായിരുന്നത്‌ ഒക്ടോബറിൽ 4.2 ശതമാനമായി.  റിപോനിരക്കിൽ മാറ്റം വരുത്തി പണപ്പെരുപ്പം ഇനിയും രൂക്ഷമാക്കേണ്ടന്നാണ്‌ സമിതി വിലയിരുത്തിയത്‌.

 



ലോകബാങ്ക്‌ നേരത്തേ പറഞ്ഞു
ലോകബാങ്ക്‌, ഐഎംഎഫ്‌, ലോകസാമ്പത്തിക ഫോറം, മൂഡീസ്‌ റേറ്റിങ്‌ ഏജൻസി, എഡിബി എന്നിവ ഇന്ത്യയുടെ വളർച്ച അഞ്ച്‌ ശതമാനമായി ഇടിയുമെന്ന്‌ നേരത്തേ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാർ ഇതംഗീകരിക്കാതെ റിപ്പോർട്ടുകളെ പരിഹസിച്ചു. ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതാണ്‌ സമ്പദ്‌ഘടനയെ ദുർബലമാക്കുന്നതെന്ന്‌ സാമ്പത്തികവിദഗ്‌ധരും ഇടതുപക്ഷവും നിരന്തരം വ്യക്തമാക്കിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top