23 July Tuesday

രവിശങ്കർ പ്രസാദിന‌് പട‌്നയിൽ കരിങ്കൊടി ; - അവഗണനയിൽ പ്രതിഷേധിച്ച‌് മുരളീമനോഹർ ജോഷി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 27, 2019


പട‌്ന
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ബിഹാറിൽ കരിങ്കൊടി പ്രതിഷേധം. പട‌്നാസാഹിബിൽ സീറ്റ‌് ലഭിക്കാത്തതിൽ പ്രതിഷേധിച്ച‌് ബിജെപി നേതാവും രാജ്യസഭാംഗവുമായ ആർ കെ സിൻഹയുടെ അനുകൂലികളാണ‌് പട‌്ന വിമാനത്താവളത്തിൽ കേന്ദ്രമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത‌്.

മോഡി വിമർശകനായിമാറിയ ശത്രുഘ‌്നൻ സിൻഹയാണ‌് ഇവിടെ സിറ്റിങ‌് എംപി. ശത്രുഘ‌്നൻ സിൻഹയെ ഒഴിവാക്കിയാണ‌് രവിശങ്കർ പ്രസാദിനെ പ്രഖ്യാപിച്ചത‌്. തെരഞ്ഞെടുപ്പുരംഗത്തുനിന്ന‌്‌ തന്നെ പൂർണമായും ഒഴിവാക്കിയതിൽ പരസ്യ പ്രതിഷേധവുമായി മുൻ ബിജെപി അധ്യക്ഷൻ മുരളീമനോഹർ ജോഷി രംഗത്തെത്തി. നേരത്തെ വാരണാസിയെ പ്രതിനിധാനംചെയ‌്ത ജോഷി നരേന്ദ്ര മോഡിക്കായി 2014ലെ തെരഞ്ഞെടുപ്പിൽ കാൺപുരിലേക്ക‌് മാറി. മത്സരത്തിൽനിന്ന‌് ഒഴിവാക്കപ്പെട്ട എൽ കെ അദ്വാനിയും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബിഹാറിലെ ബഗുസരായിയിൽ മത്സരിക്കാൻ നിർദേശിച്ചതിൽ കേന്ദ്രമന്ത്രി ഗിരിരാജ‌് സിങ‌് അതൃപ‌്തി അറിയിച്ചു. നവാഡയിൽനിന്നുള്ള പാർലമെന്റംഗമായ ഗിരിരാജ‌് സിങ‌് തന്റെ ആത്മാഭിമാനം വ്രണപ്പെട്ടു എന്നാണ‌് പ്രതികരിച്ചത‌്. തന്നോട‌് ഇക്കാര്യം ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു സ്ഥാനാർഥിയായി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യകുമാർ മത്സരിക്കുന്ന മണ്ഡലമാണിത‌്. നവാഡയിൽ സ്ഥാനാർഥിയായി ചന്ദകുമാറിനെ എൻഡിഎ  പ്രഖ്യാപിക്കുകയും ചെയ‌്തു.    

ബംഗളൂരു സൗത്തിൽ മുൻ കേന്ദ്രമന്ത്രി  അനന്ദ‌് കുമാറിന്റെ ഭാര്യ തേജസ്വിനിയെ ഒഴിവാക്കിയതിലും പ്രതിഷേധം പുകയുകയാണ‌്. യുവ മോർച്ച നേതാവും ബസവനഗുഡി എംഎൽഎ രവി സുബ്രഹ്മണ്യന്റെ ബന്ധുവുമായ തേജസ്വിസൂര്യയാണ‌് ഇവിടെ സ്ഥാനാർഥി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top