17 October Thursday

ചിട്ടി വെട്ടിപ്പ‌്: രമൺസിങ്ങിന്റെ മകനെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

അംബികാപുർ > ചത്തീസ‌്ഗഢ‌് മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മകനും മുൻ എംപിയുമായ അഭിഷേക‌് സിങ്ങിനും 19പേർക്കുമെതിരെ കോടികളുടെ ചിട്ടി വെട്ടിപ്പിന‌് പൊലീസ‌് കേസെടുത്തു. ബിജെപി മുൻ എം പി മധുസൂദനൻ യാദവ‌്, കോൺഗ്രസ‌് നേതാവ‌് നരേഷ‌് ദാകാലിയ എന്നിവരും കേസിൽ പ്രതികളാണ‌്. അംബികാപുർ സിറ്റി കോട‌്‌വാലി പൊലീസാണ‌് ഇവർക്കെതിരെ കോടതി നിർദേശപ്രകാരം കേസെടുത്തത‌്. കമ്പനിയിലെ നിക്ഷേപകനും ഏജന്റുമായ പ്രേം സാഗർ ഗുപ‌്തയാണ‌് പരാതി നൽകിയത‌്.

അഭിഷേക‌് യാദവും ദകാലിയയുമായിരുന്നു മുഖ്യചുമതലക്കാർ. 2016ൽ ചിട്ടിക്കമ്പനി പൂട്ടിയതിനെ തുടർന്ന‌് ഗുപ‌്ത കോടതിയിൽ കേസ‌് ഫയൽചെയ‌്തു. പൊലീസും പ്രതികളും ഒത്തുകളിച്ച‌് കേസ‌് ഒതുക്കിത്തീർക്കുകയാണെന്നു കാണിച്ചായിരുന്നു കോടതിയെ സമീപിച്ചത‌്. തുടർന്ന‌് കേസ‌് അന്വേഷിച്ച‌് വിശദ റിപ്പോർട്ട‌് സമർപ്പിക്കാൻ പൊലീസിന‌് കോടതി നിർദേശം നൽകി. കോടതി നിർദേശപ്രകാരം വഞ്ചന, ധനാപഹരണം തുടങ്ങിയ കുറ്റത്തിന‌് കേസെടുക്കാൻ നിർദേശിച്ചതായി സുർഗുജ റേഞ്ച‌്  ഐജി പറഞ്ഞു. വിവിധ സ‌്റ്റേഷനുകളിൽ ഇവർക്കെതിരെ സമാന കേസുള്ളതിനാൽ അന്വേഷണത്തിന‌് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസംകൊണ്ട‌് പണം ഇരട്ടിപ്പിച്ചു നൽകുമെന്ന വാഗ‌്ദാനം നൽകി കോടികളാണ‌് ഇവർ നിക്ഷേപമായി സ്വീകരിച്ചിരുന്നത‌്.


പ്രധാന വാർത്തകൾ
 Top