19 September Saturday
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരത്തിന്‌ തുല്യമെന്ന്‌ മോഡി

ഹിന്ദുരാഷ്‌ട്രത്തിലേക്ക്‌ ശിലയിട്ടു ; ചടങ്ങ് ഏറ്റെടുത്ത് കേന്ദ്രവും യുപി സര്‍ക്കാരും

സാജൻ എവുജിൻUpdated: Thursday Aug 6, 2020

രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കംകുറിച്ച്‌ നരേന്ദ്രമോഡി ഭൂമിപൂജ നടത്തുന്നു. ഫോട്ടോ: പിടിഐ


ന്യൂഡൽഹി
രാമക്ഷേത്രം ദേശീയവികാരമാണെന്ന്‌ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിൽ ക്ഷേത്രത്തിന് ശിലയിട്ടു. 1992 വരെ അഞ്ച്‌ നൂറ്റാണ്ട്‌ ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്താണ്‌ ക്ഷേത്രനിര്‍മാണം. സുപ്രീംകോടതിവിധി പ്രകാരം ക്ഷേത്രചുമതല ട്രസ്റ്റിനായിരിക്കെ, ഭൂമിപൂജ ആർഎസ്‌എസും കേന്ദ്ര–-സംസ്ഥാനസർക്കാരുകളും ഏറ്റെടുത്ത് രാഷ്ട്രീയപരിപാടിയാക്കി.

ബാബ്‌റി മസ്‌ജിദ്‌ തകർത്ത ​കേസില്‍ സിബിഐ കോടതിയില്‍ വിചാരണ തുടരവെ കൃത്യത്തിൽ പങ്കാളിയായവരെ ആദരിക്കുംവിധമായിരുന്നു ചടങ്ങ്‌‌. പള്ളി‌ തകർത്ത് ക്ഷേത്രനിര്‍മാണത്തിന് വഴിയൊരുക്കിയവരെ സ്വാതന്ത്ര്യസമരസേനാനികൾക്കു‌ തുല്യരായി പ്രധാനമന്ത്രി വാഴ്ത്തി. ശിലാസ്ഥാപന നാളിനെ സ്വാതന്ത്ര്യദിനത്തോടാണ്‌ പ്രധാനമന്ത്രി ഉപമിച്ചത്‌. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ പദ്ധതിയുടെ പരസ്യമായ തറക്കല്ലിടലായി ചടങ്ങ്. ജമ്മു കശ്മീരിന് പ്രത്യേകപദവി എടുത്തുകളഞ്ഞതിന്റെ വാര്‍ഷികദിനംതന്നെയാണ് ഭൂമിപൂജയ്‌ക്കും കേന്ദ്രം തെരഞ്ഞെടുത്തത്.

വിശ്വഹിന്ദു പരിഷത്ത്‌ 1989ൽ വിഭാവനംചെയ്‌ത രാമക്ഷേത്രം യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യചടങ്ങില്‍ ഉത്തർപ്രദേശ്‌ ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌, വ്യവസായിയും യോഗ ഗുരുവുമായ ബാബ രാംദേവ്‌ തുടങ്ങിയവരും സംഘപരിവാർ–- ബിജെപി നേതാക്കളും പങ്കെടുത്തു. മസ്‌ജിദ്‌ തകർത്തതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായ ഉമാ ഭാരതിയും സംബന്ധിച്ചു.

ലഖ്‌നൗവിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ അയോധ്യയിൽ എത്തിയ പ്രധാനമന്ത്രി ആദ്യം ഹനുമാൻക്ഷേത്രം സന്ദർശിച്ചു. പൂജകൾക്കുശേഷം പന്ത്രണ്ടരയോടെ 40 കിലോഗ്രാം വെള്ളിയിൽതീർത്ത ശിലയിട്ടു. രാമക്ഷേത്രം  ഇന്ത്യൻ പാരമ്പര്യത്തിന്റെ ആധുനിക പ്രതീകമായി മാറുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. പൊളിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്ന ആവർത്തനചക്രത്തിൽനിന്ന്‌ രാമജന്മഭൂമി മോചിതമായി.

മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരംപോലെ രാമക്ഷേത്രനിർമാണവും സാധാരണക്കാരുടെ പങ്കാളിത്തത്തോടെ‌ നടത്തും. ആഗസ്‌ത്‌ 15 പോലെ തലമുറകൾ നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടം സഫലമായ ദിനമായി രാമക്ഷേത്രനിർമാണത്തിന്‌ തുടക്കംകുറിച്ച ദിവസം ഓർമിക്കപ്പെടുമെന്ന്‌- മോഡി പറഞ്ഞു. 

ആർഎസ്‌എസ്‌ സ്വപ്‌നംകണ്ട ദിവസമാണ് ഇതെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണെന്നും മോഹൻ ഭാഗവത്‌ പറഞ്ഞു. അങ്ങേയറ്റം വൈകാരികമായ ദിനത്തിന്‌  പ്രധാനമന്ത്രിക്ക്‌ നന്ദി രേഖപ്പെടുത്തുന്നതായി ആദിത്യനാഥ്‌ പറഞ്ഞു. സരയൂനദീതീരത്തെ ചടങ്ങ്‌ വീക്ഷിക്കാൻ സംഘപരിവാർ പ്രവർത്തകരും നാട്ടുകാരും വൻതോതിൽ തടിച്ചുകൂടി. വേദിക്കു പുറത്ത്‌ ബാരിക്കേഡ്‌ സ്ഥാപിച്ച്‌ പൊലീസ്‌ ഇവരെ തടഞ്ഞു. അതിഥികൾ മാസ്‌ക്‌ ധരിച്ചിരുന്നു. എന്നാൽ, ജനക്കൂട്ടത്തിൽ മാസ്‌ക്‌ ധരിച്ചവർ കുറവായിരുന്നു. ശാരീരിക അകലം പാലിക്കലും ഉണ്ടായില്ല.

മാസ്‌ക്‌ ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും രാമക്ഷേത്ര നിർമാണത്തിന്റെ  ശിലാസ്ഥാപനം ആഘോഷിക്കുന്നവർ	  ഫോട്ടോ: പിടിഐ

മാസ്‌ക്‌ ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കുന്നവർ ഫോട്ടോ: പിടിഐ

 

ക്ഷേത്രമുയരുന്നതില്‍ കോണ്‍​ഗ്രസിനും ആവേശം
അയോധ്യയിലെ ഭൂമിപൂജ സംഘപരിവാറിനൊപ്പം കോൺഗ്രസും ആഘോഷമാക്കി. യുപിയിലും മധ്യപ്രദേശിലും മറ്റും ഭൂമിപൂജ മുൻനിർത്തി പ്രത്യേക പൂജയും  പ്രാർഥനയും സംഘടിപ്പിച്ചു. കമൽനാഥ്‌ അടക്കമുള്ള മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ വസതികളിൽ പ്രത്യേക പ്രാർഥന നടന്നു. ക്ഷേത്രനിർമാണത്തിനായി 11 വെള്ളി ഇഷ്ടിക അയോധ്യയിലേക്ക്‌ അയക്കുമെന്ന്‌ കമൽനാഥ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള പണം കോൺഗ്രസ്‌ പ്രവർത്തകര്‍‌ സമാഹരിക്കും. അയോധ്യയിൽ രാമക്ഷേത്രം വികാരമാണെന്നും രാമരാജ്യം വരുമെന്ന്‌ രാജീവ്‌ ഗാന്ധി 1989ൽ പറഞ്ഞിരുന്നുവെന്നും കമൽനാഥ്‌ പറഞ്ഞു. ക്ഷേത്രത്തിന്‌ ശില പാകിയത്‌ രാജീവ്‌ ഗാന്ധിയാണ്‌. അദ്ദേഹം കാരണമാണ്‌ രാമക്ഷേത്ര സ്വപ്‌നം യാഥാർഥ്യമാകുന്നത്‌. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഏറെ സന്തോഷിച്ചേനെ–- കമൽനാഥ്‌ പറഞ്ഞു. 

കമൽനാഥിന്റെ വാക്കുകളെ മധ്യപ്രദേശ്‌ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ്‌ സിങ്ങും ശരിവച്ചു. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ ഭൂമിയിൽ രാമക്ഷേത്രം വരണമെന്ന്‌ രാജീവ്‌ ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന്‌ ദിഗ്‌വിജയ്‌ പറഞ്ഞു. എന്നാൽ‌, അശുഭ മുഹൂർത്തത്തിലാണ്‌ ഭൂമിപൂജയെന്ന് അദ്ദേഹം പരിഭവിച്ചു. വേദിവിധി പ്രകാരമല്ല പൂജയെങ്കിലും ക്ഷേത്രത്തിന്റെ വേഗത്തിലുള്ള നിർമാണത്തിന്‌ തടസ്സം വരില്ലെന്നാണ്‌ പ്രതീക്ഷയെന്ന്‌ ദിഗ്‌വിജയ്‌ ട്വിറ്ററിൽ പറഞ്ഞു.

പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ എന്നിവരും ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്‌തു. എല്ലാ ഇന്ത്യക്കാരുടെയും ദീർഘനാളായുള്ള സ്വപ്‌നമാണ്‌ പൂവണിയുന്നതെന്ന്‌ അമരീന്ദർ പറഞ്ഞു. സംസ്‌കാരത്തിലും പാരമ്പര്യത്തിലും വലിയ സ്ഥാനമാണ്‌ രാമനുള്ളതെന്ന്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞു. രാഹുലും പ്രിയങ്കയും ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്‌തതോടെയാണ്‌ ഇവരുടെ പ്രതികരണം. ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍ റായ്‌പുരിൽ ‘മാതാ കൗസല്യയുടെ’ വമ്പൻ ക്ഷേത്രം നിർമിക്കുമെന്ന്‌ പ്രഖ്യാപിച്ചു. രാമായണവുമായി ബന്ധപ്പെടുത്തി മത വിനോദസഞ്ചാര സർക്ക്യൂട്ടുകൾ വികസിപ്പിക്കുമെന്നും രാമൻ നിർമിച്ചതെന്ന്‌ വിശ്വസിക്കുന്ന ജഗദൽപ്പുരിലെ ശിവക്ഷേത്രം പുനരുദ്ധരിക്കുമെന്നും ബാഗെൽ പ്രഖ്യാപിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top