23 July Tuesday

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകളില്‍ ഒരുമിച്ച് വോട്ടെടുപ്പ് നടത്തണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി

പി ആര്‍ ചന്തുകിരണ്‍Updated: Tuesday Jun 25, 2019

ന്യൂഡൽഹി> ഗുജറാത്തിലെ രണ്ട‌് രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ‌് വെവ്വേറെ നടത്താനുള്ള തെരഞ്ഞെടുപ്പ‌് കമീഷന്റെ തീരുമാനം ചോദ്യംചെയ‌്ത കോൺഗ്രസിന്റെ ഹർജി സുപ്രീംകോടതി തള്ളി. ജൂലൈ അഞ്ചിന‌് നടത്താൻ വിജ്ഞാപനം ചെയ‌്ത തെരഞ്ഞെടുപ്പ‌് തടയാനാകില്ലെന്ന‌് കോടതി നിരീക്ഷിച്ചു. മത്സരിക്കുക എന്നത‌് മൗലിക അവകാശമല്ലാത്തതിനാൽ നടപടിക്ക‌് ചൂണ്ടിക്കാട്ടുന്ന കാരണം റിട്ട‌് ഹർജിക്ക‌് അർഹമല്ല.

തെരഞ്ഞെടുപ്പിന‌ുശേഷം ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ‌് കേസ‌് നൽകാമെന്ന‌് ജസ‌്റ്റിസ‌ുമാരായ സഞ്ജീവ‌് ഖന്നയും ബി ആർ ഗവായിയും അടങ്ങുന്ന അവധിക്കാല ബെഞ്ച‌് നിർദേശിച്ചു. ബിജെപി അധ്യക്ഷൻ അമിത‌് ഷായും സ‌്മൃതി ഇറാനിയും രാജിവച്ച ഒഴിവുകളിലെ തെരഞ്ഞെടുപ്പാണ‌് നടത്തുന്നത‌്. ഇത‌് ഇടക്കാല ഒഴിവ‌ായി (കാഷ്വൽ വേക്കൻസി) പരിഗണിച്ച‌ാണ‌് കമീഷന്റെ തീരുമാനം. ഇവ സ‌്റ്റാറ്റ്യൂട്ടറി ഒഴിവ‌ാണെന്നും തെരഞ്ഞെടുപ്പ‌് ഒരുമിച്ച‌് നടത്തണമെന്നുമാണ‌് കോൺഗ്രസ‌് നിയമസഭാ കക്ഷി നേതാവ‌് പരേഷ‌്ഭായ‌് ധനാനി ഹർജിയിൽ ആവശ്യപ്പെട്ടത‌്.

182 അംഗ നിയമസഭയിൽ നിലവിൽ 175 പേരാണുള്ളത‌്. ബിജെപിക്ക‌് 100ഉം കോൺഗ്രസിന‌് 71 അംഗങ്ങളുമാണ‌് ഉള്ളത‌്. തെരഞ്ഞെടുപ്പ‌് വെവ്വേറെ നടക്കുന്നതോടെ രണ്ട‌് സീറ്റിലും ബിജെപി ജയിക്കും. ബിജെപിക്ക‌് രണ്ട‌് സീറ്റിലും ജയം ഉറപ്പാക്കാനുള്ള ശ്രമമാണ‌് കമീഷൻ നടത്തിയതെന്ന‌ ആരോപണത്തിനു പിന്നാലെയാണ‌് കോൺഗ്രസ‌് നിയമനടപടി സ്വീകരിച്ചത‌്.

കമീഷന്റെ തീരുമാനം തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 14ന‌് വിരുദ്ധമാണെന്ന‌് പരേഷ‌്ഭായ‌് ധനാനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിവേക‌് താൻഖ പറഞ്ഞു. ഇടക്കാല ഒഴിവായി പരിഗണിച്ച‌് കഴിഞ്ഞ 15നാണ‌് കമീഷൻ നോട്ടീസ‌് നൽകിയത‌്. കമീഷന്റെ തീരുമാനം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന‌് കോൺഗ്രസ‌് ചൂണ്ടിക്കാട്ടി. വ്യക്തത വരുത്താൻ കമീഷന‌് കോടതി നോട്ടീസയച്ചിരുന്നു.

കാലാവധി തീരുന്നതിന‌് മുമ്പുണ്ടാകുന്ന ഒഴിവുകൾ എല്ലാം ഇടക്കാല ഒഴിവുകളാണെന്ന‌് കമീഷൻ മറുപടി നൽകി. ഒന്നിലേറെ ഇടക്കാല ഒഴിവുകൾ ഉണ്ടെങ്കിൽ ഒരുമിച്ച‌് തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് ജനപ്രാതിനിധ്യ നിയമം നിർദേശിക്കുന്നില്ല. ഇത‌് ശരിവച്ചുകൊണ്ട‌് 1994ലും 2009ലും ഡൽഹി ഹൈക്കോടതി രണ്ട‌് വിധി പ്രഖ്യാപിച്ചതായും കമീഷൻ അറിയിച്ചു.

ഗുജറാത്തിൽ രണ്ടും ഒഡിഷയിൽ മൂന്നും ബിഹാറിൽ ഒരു സീറ്റിലുമായി ജൂലൈ അഞ്ചിനാണ‌് തെരഞ്ഞെടുപ്പ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top