06 December Friday

നോട്ടം ഭൂരിപക്ഷം: രാജ്യസഭാംഗങ്ങളെ കൂറുമാറ്റാൻ ബിജെപി സമ്മർദം

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

ന്യൂഡൽഹി
രാജ്യസഭയിൽ എത്രയുംവേഗം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിൽ എംപിമാരെ കൂറുമാറ്റത്തിന‌് പ്രേരിപ്പിച്ച‌് ബിജെപി.  പ്രലോഭനത്തിലൂടെയും -സമ്മർദ്ദത്തിലൂടെയും അംഗങ്ങളെ കൂറുമാറ്റാനാണ‌് നീക്കം. രണ്ടുമാസത്തിനുള്ളിൽ ആറ‌് പ്രതിപക്ഷാംഗങ്ങളെയാണ‌് ഇങ്ങനെ ബിജെപി അടർത്തിയെടുത്തത‌്. രാജ്യസഭയിൽ നിലവിൽ 78 അംഗങ്ങൾ ബിജെപിക്കുണ്ട‌്. എൻഡിഎ അംഗബലം 116 ആണ‌്. ആറ‌് എംപിമാരെക്കൂടി ലഭിച്ചാൽ ഭൂരിപക്ഷത്തിലെത്താം.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുഫലം വന്നതിന‌ു പിന്നാലെ ടിഡിപിയിലെ നാലുപേർ ബിജെപിയിലേക്ക‌് കൂറുമാറി. നാലുപേരും വ്യവസായികൾ.
എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌്, ആദായനികുതി വകുപ്പ‌്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ കാട്ടി ഭയപ്പെടുത്തിയാണ‌് നാലുപേരെയും കൂറുമാറ്റിയത‌്. ഇവർക്ക‌ു പിന്നാലെ ഹരിയാനയിൽനിന്നുള്ള ഐഎൻഎൽഡിയുടെ ഏക രാജ്യസഭാംഗം രാംകുമാർ കാശ്യപ‌ും മറുകണ്ടം ചാടി. മുൻ  പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും സമാജ‌്‌വാദി പാർടിയംഗവുമായ നീരജ‌് ശേഖറാണ‌് ഏറ്റവുമൊടുവിൽ ബിജെപി പാളയത്തിലെത്തിയത‌്.

എസ‌്പിക്ക‌് 13 എംപിമാരുള്ളതിനാൽ ഒരാളുടെ കൂറുമാറ്റം അയോഗ്യതയാകും. അതിനാൽ നീരജ‌് രാജ്യസഭാംഗത്വം രാജിവച്ചു. വൈകാതെ ഈ ഒഴിവിലേക്ക‌് തെരഞ്ഞെടുപ്പുണ്ടാകും. യുപി നിയമസഭയിൽ ബിജെപിക്ക‌് വലിയ ഭൂരിപക്ഷമുള്ളതിനാൽ നീരജ‌് സഭയിൽ തിരിച്ചെത്തും. യുപിയിൽനിന്ന‌് ബിഎസ‌്പിയുടെയും എസ‌്പിയുടെയും കൂടുതൽ അംഗങ്ങളെ അടർത്തിമാറ്റാനുള്ള ശ്രമവും ബിജെപി തുടരുന്നു. ദേശീയ അധ്യക്ഷനും ആഭ്യന്തര  മന്ത്രിയുമായ അമിത‌് ഷാ തന്നെയാണ‌് കൂറുമാറ്റത്തിന‌് കരുക്കൾ നീക്കുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top