18 September Wednesday

കോൺഗ്രസ്‌ ദൗർബല്യം ബിജെപിക്ക്‌ തുണ

സ്വന്തം ലേഖകൻUpdated: Sunday Jul 28, 2019

ന്യൂഡൽഹി
രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും കാര്യങ്ങൾ നടപ്പാക്കാൻ ബിജെപി മുതലെടുക്കുന്നത്‌ കോൺഗ്രസിന്റെ  ദൗർബല്യം. ഒന്നാം മോഡി സർക്കാരിന്‌ ലോക്‌സഭയിൽ കേവലഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും തോന്നുംവിധം ജനദ്രോഹ ബില്ലുകൾ പാസാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതായിരുന്നു മുഖ്യകാരണം. മോട്ടോർ വാഹന ബിൽ, മുത്തലാഖ്‌ ബിൽ തുടങ്ങി പല ബില്ലുകളും രാജ്യസഭയിൽ തട്ടി വീണു.  മോഡിയുടെ രണ്ടാമൂഴത്തിലും രാജ്യസഭയിൽ ഭൂരിപക്ഷത്തിലെത്താൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന്റെ ദിശയില്ലായ്‌മയും മറ്റ്‌ പ്രതിപക്ഷ പാർടികളെ വിശ്വാസത്തിലെടുക്കുന്നതിലെ പാളിച്ചയും  സർക്കാരിന്‌ കാര്യങ്ങൾ എളുപ്പമാക്കി.

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ്‌ പലപ്പോഴും ബിജെപിക്ക്‌ തലവേദനയായത്‌. തൃണമൂൽ കോൺഗ്രസിനെ പോലും യോജിപ്പിച്ചുകൊണ്ട്‌ സർക്കാരിനെതിരായ പ്രതിരോധനിര തീർക്കാൻ യെച്ചൂരിക്ക്‌ കഴിഞ്ഞിരുന്നു.

രണ്ടാമൂഴത്തിൽ ഏതുവിധേനയും രാജ്യസഭയിൽ പിടിമുറുക്കുന്നതിലാണ്‌ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പ്രലോഭിപ്പിച്ചും വഴങ്ങിയില്ലെങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തിയും പരമാവധി എംപിമാരെ കൂറുമാറ്റി. ടിഡിപിയുടെ ആറ്‌ എംപിമാരിൽ നാലുപേർ ഒറ്റയടിക്ക്‌ ബിജെപി പാളയത്തിലെത്തി. ഇതിനുപുറമെ സമാജ്‌വാദി പാർടിയുടെ നീരജ്‌ ശേഖറിനെയും ഐഎൻഎൽഡിയുടെ ഏക എംപിയായ രാംകുമാർ കാശ്യപിനെയും ഒപ്പമെത്തിച്ചു. ഭൂരിപക്ഷത്തിന്‌ അഞ്ചംഗങ്ങളുടെ കുറവുണ്ട്‌.  ടിആർഎസ്‌, ബിജെഡി തുടങ്ങിയ കക്ഷികളെ പ്രതിപക്ഷകൂട്ടായ്‌മയിൽ ഒപ്പം നിർത്തുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടത്‌ സർക്കാരിന്‌ ഗുണമായി.

ആർടിഐ ബില്ലിലെ ഭേദഗതികളോട്‌ ഇരുപാർടികളും വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വോട്ടെടുപ്പിൽ സർക്കാരിനൊപ്പം നിന്നു. ഭേദഗതിയിലൂടെ ലഭിക്കുന്ന അധികാരങ്ങൾ ദുരുപയോഗിക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ്‌ തങ്ങൾ വിശ്വാസത്തിലെടുക്കുന്നുവെന്ന്‌ പറഞ്ഞാണ്‌  ബില്ലിനനുകൂലമായി വോട്ടുചെയ്‌തത്‌. 

പരമാവധി വോട്ട്‌ ഉറപ്പിക്കാൻ മന്ത്രിമാരും ബിജെപി നേതാക്കളും പലവിധ തന്ത്രം പുറത്തെടുത്തപ്പോൾ കോൺഗ്രസ്‌ കാഴ്‌ചക്കാരായി. നയിക്കാൻ അധ്യക്ഷനില്ലാത്ത കോൺഗ്രസ്‌ പാർടി രാജ്യസഭയിലും ദിശാബോധമില്ലാതെ ചുറ്റിത്തിരിയുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top