15 July Wednesday

ചൈന ശത്രുരാജ്യമല്ല, പ്രശ്നപരിഹാരത്തിന് ചര്‍ച്ച; ലഡാക്കിലെ പ്രതിസന്ധിയില്‍ രാജ്‌നാഥ്സിങ്

സ്വന്തം ലേഖകൻUpdated: Wednesday Jun 3, 2020

ന്യൂഡൽഹി > ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച തുടരവെ ലഡാക്ക്‌ വിഷയത്തിൽ ഊഹപ്രകടനത്തിന്‌ തയ്യാറല്ലെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌. ആറിന്‌ ഇരുരാജ്യത്തിന്റെയും സൈനികമേധാവികൾ കാണും‌. തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ്‌ ആഗ്രഹമെന്ന്‌ ചൈനീസ്‌ നേതൃത്വം വ്യക്തമാക്കി. നയതന്ത്രതല, സൈനികതല ചർച്ച വഴി സമാധാനപരമായി പ്രശ്നം പരിഹരിക്കാനാകുമെന്നാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്, ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന്‌ 2017ൽ 73 ദിവസം നീണ്ട ദോക്ക്‌ലാം പ്രതിസന്ധി സൂചിപ്പിച്ച്‌ അദ്ദേഹം പറഞ്ഞു. ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലേക്ക്‌ ചൈന സൈനികരെ അയച്ചിട്ടുണ്ട്‌. ഇതിന്റെ കാരണം കണ്ടെത്താൻ ഊഹങ്ങളിലേക്ക്‌ പോകുന്നില്ല.

ചർച്ച നടക്കുന്നില്ലെങ്കിൽ എന്തെങ്കിലും പറയാമായിരുന്നു. ചൈനീസ്‌ വിന്യാസം നേരിടാൻ ഇന്ത്യയും സൈനികരെ നിയോഗിച്ചു. ഇന്ത്യയുടെ ആത്മാഭിമാനത്തിനു മുറിവേൽപ്പിക്കാൻ ആരെയും അനുവദിക്കില്ല. ചൈനീസ്‌ സൈന്യം ഇന്ത്യൻ അതിർത്തി ഭേദിച്ചുവോ എന്ന ചോദ്യത്തിന്‌ അദ്ദേഹം മറുപടി നൽകിയില്ല. ചൈനയെ ശത്രുരാജ്യമെന്ന്‌ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ചൈന ഇന്ത്യയുടെ അയൽരാജ്യമാണ്‌. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല –-രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

ലഡാക്ക്‌ മേഖലയിലെ റോഡ്‌ നിർമാണത്തില്‍ ചൈനയുമായി തർക്കമുണ്ട്‌. ഗൽവാൻ താഴ്‌വരയിലും പാങ്ങോങ്‌ സോയിലും ഇരുസൈന്യവും രണ്ടുമൂന്ന്‌ തവണ  മുഖാമുഖം വന്നുവെന്ന്‌ റിപ്പോർട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top