20 September Friday

തെരഞ്ഞെടുപ്പ് തോൽവി: മഹാരാഷ്ട്ര, രാജസ്ഥാൻ കോൺഗ്രസ‌ില്‍ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

ന്യൂഡൽഹി> കനത്ത തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന‌് കോണ്‍​ഗ്രസിന്റെ  വിവിധ സംസ്ഥാന ഘടകങ്ങളിലും പൊട്ടിത്തെറി. തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന‌് ദേശീയ നേതൃത്വം അനാഥമായതിനുപിന്നാലെയാണ‌് സംസ്ഥാനങ്ങളിലേക്ക‌് തർക്കം  പടരുന്നത‌്. മഹാരാഷ‌്ട്രയിലും രാജസ്ഥാനിലും തലപൊക്കിയ ആഭ്യന്തര പ്രശ‌്നങ്ങൾ രൂക്ഷമാവുകയാണ‌്. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ‌് രാധാകൃഷ‌്ണ വിഖെ പാട്ടീൽ എംഎൽഎസ്ഥാനം രാജിവച്ചു.  പാട്ടീല്‍ ബിജെപിൽ ചേരുമെന്ന‌് ഏതാണ്ട‌് ഉറപ്പായി. മൂന്നുവട്ടം എംഎൽഎയും സഹമന്ത്രിയുമായിരുന്ന അബ്ദുൾ സത്താറും കോൺഗ്രസ‌് വിട്ടു. ബിജെപിയിൽ ചേരാനാണ‌് സത്താറിന്റെയും പദ്ധതി. നേതൃത്വവുമായി ഇടഞ്ഞ പത്ത് കോൺഗ്രസ‌് എംഎൽഎമാർകൂടി ഉടന്‍ കോണ്‍​ഗ്രസ് വിടും.

ചൊവ്വാഴ‌്ച സ‌്പീക്കർ ഹരിഭാവു ബാഗഡെയ‌്ക്ക് രാജി സമര്‍പ്പിച്ചതിനു പിന്നാലെ  വിഖെ പാട്ടീൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫ‌ഡ‌്നാവിസുമായി കൂടിക്കാഴ‌്ച നടത്തി. പാട്ടീലിന‌് ബിജെപി മന്ത്രിപദവി വാഗ‌്ദാനം ചെയ‌്തതായാണ‌് സൂചന. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പാട്ടീലിന്റെ മകൻ സുജയ‌് വിഖെ പാട്ടീൽ അഹമ്മദ‌്നഗറിൽനിന്ന‌് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച‌് ജയിച്ചിരുന്നു. അഹമ്മദ‌്നഗറിൽ കോൺഗ്രസ‌് ടിക്കറ്റിൽ മകനെ മത്സരിപ്പിക്കാൻ പാട്ടീൽ താൽപ്പര്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സീറ്റ‌് എൻസിപിക്ക‌് വിട്ടുകൊടുക്കുകയാണുണ്ടായത‌്. തുടർന്നാണ‌് സുജയ‌്   ബിജെപി സ്ഥാനാർഥിയായത‌്. പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച വിഖെ പാട്ടീൽ മകന്റെ ജയത്തിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ‌് വലിയ തകർച്ചയിലേക്കാണെന്നും പത്ത് എംഎൽഎമാർ വൈകാതെ കോൺഗ്രസ‌് വിടുമെന്നും ഇവർ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്നും  അബ്ദുൾ സത്താർ പറഞ്ഞു. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ നേതാക്കളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക‌് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കും.

മുഖ്യമന്ത്രിയുടെയും പിസിസി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ചേരിതിരിഞ്ഞ് പോരടിക്കുകയാണ് രാജസ്ഥാനിലെ കോണ്‍​ഗ്രസ്. ജോധ‌്പ്പുരിൽ മകന്‍ വൈഭവ‌് ഗെലോട്ട‌ിന്റെ തോൽവിക്ക് ഉത്തരവാദി പിസിസി പ്രസിഡന്റ‌് സച്ചിൻ പൈലറ്റാണെന്ന‌് മുഖ്യമന്ത്രി അശോക‌് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത‌് കോൺഗ്രസ‌് തോറ്റതിന‌് കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാകാൻ ഒരുക്കമാണ‌്. എന്നാല്‍, ജോധ്പ്പുരിലെ തോൽവിയുടെ ഉത്തരവാദിത്തം പൈലറ്റ് ഏല്‍ക്കണം –- ഗെലോട്ട‌് തുറന്നടിച്ചു. മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ‌്  വൈഭവ‌് തോറ്റത്.

മാസങ്ങൾക്ക‌ുമുമ്പ‌് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച‌് ഭരണത്തിലെത്തിയ കോൺഗ്രസിന‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും ജയിക്കാനായില്ല.
ഗെലോട്ട‌് സർക്കാരിനെതിരെ മന്ത്രിമാരും കോൺഗ്രസ‌് എംഎൽഎമാരുംവരെ രം​ഗത്തുണ്ട്. പൊലീസ‌് മർദനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച‌് സര്‍ക്കാരിനെതിരെ കോൺഗ്രസ‌് എംഎൽഎയും മുൻ ഡിജിപിയുമായ ഹരീഷ‌് മീണ നിരാഹാര സമരം നടത്തി. സമരത്തിന‌് ബിജെപിയുടെ പിന്തുണയുണ്ട്. ക്യാബിനറ്റ‌് മന്ത്രി ലാൽചന്ദ‌് കടാരിയ സാമൂഹ്യമാധ്യമങ്ങളിലൂടെ രാജിപ്രഖ്യാപനം നടത്തി. തന്റെ മണ്ഡലത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നുവെന്ന‌് ആരോപിച്ച‌് ടൂറിസംമന്ത്രി വിശ്വേന്ദ്ര സിങ‌് പൊലീസിനെ വിമർശിച്ച‌് രംഗത്തുവന്നു. ചേരിപ്പോര‌് അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുമെന്ന‌് കോൺഗ്രസ‌് എംഎൽഎ രാം നാരായൺ മീണ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top