03 August Monday

രാജസ്ഥാനില്‍ കൈവിട്ട കളി ; രാഹുലിനെ കാണാൻ കൂട്ടാക്കാതെ പൈലറ്റ്; നഷ്ടങ്ങളെണ്ണി‌ കോൺഗ്രസ്‌ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ന്യൂഡൽഹി 
അധികാരമോഹികളുടെ തമ്മിലടിയില്‍ രാജസ്ഥാൻ സർക്കാരും കോൺഗ്രസും. ബിജെപി ബാന്ധവത്തിന് ശ്രമിക്കുന്ന സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ്‌ നീക്കം ഫലം കണ്ടില്ല. അടുത്ത സുഹൃത്തായ രാഹുൽ ഗാന്ധിയെ കാണാൻ പൈലറ്റ്‌ കൂട്ടാക്കുന്നില്ല. ജയ്‌പുരിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൈലറ്റിനെതിരെ അച്ചടക്കനടപടിക്ക്‌ പ്രമേയം പാസാക്കി. 200 അംഗ സഭയിൽ ഗെലോട്ടിനു 84 പേരുടെ പിന്തുണ മാത്രമാണെന്ന്‌ പൈലറ്റ്‌പക്ഷം തിരിച്ചടിച്ചു.

ഗെലോട്ട്‌ വിളിച്ച യോഗത്തിനെത്തിയ 90ൽപരം എംഎൽഎമാരെ ജയ്‌പുരിലെ  റിസോർട്ടിലേക്ക്‌ മാറ്റി. പൈലറ്റ്‌ 30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന സാഹചര്യത്തിലാണിത്‌. പൈലറ്റിനൊപ്പം ഉറച്ചുനിൽക്കുന്ന 12ൽപരം എംഎൽഎമാർ ഗുരുഗ്രാമിൽ ഹോട്ടലിൽ തങ്ങുന്നു‌. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ പൊലീസ് കാവലിലാണവർ. ബിജെപിയുമായി പൈലറ്റ്‌ വിലപേശൽ തുടരുകയാണ്‌.

ഗെലോട്ടുമായി അടുപ്പമുള്ളവരുടെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ്‌ സംഘം പരിശോധന തീവ്രമാക്കി. പിസിസി ഓഫീസിൽനിന്ന്‌ പൈലറ്റിന്റെ പോസ്‌റ്ററുകൾ നീക്കിയെങ്കിലും വൈകിട്ട്‌ പുനഃസ്ഥാപിച്ചു.

നഷ്ടങ്ങളെണ്ണി‌ കോൺഗ്രസ്‌ നേതൃത്വം
രാജസ്ഥാന്‍ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്‌ ദേശീയതലത്തിൽ കോൺഗ്രസിന് സംഭവിച്ച‌ സംഘടനാപരമായ തകര്‍ച്ച. നിലനിൽപ്‌ അപകടത്തിലാണെന്ന്‌ തിരിച്ചറിഞ്ഞ യുവനേതാക്കൾ പുതിയ മേച്ചിൽപുറം തേടുന്നു‌. ആരെയും നിയന്ത്രിക്കാൻ കെല്പില്ലാതെ കരുത്ത് ചോര്‍ന്ന് ഹൈക്കമാന്‍ഡ്. സംസ്ഥാനങ്ങൾ ഓരോന്നായി നഷ്ടപ്പെടുമ്പോൾ പകച്ചുനിൽക്കുകയാണ് നേതൃത്വം.

രാജസ്ഥാനു പുറമെ പഞ്ചാബ്‌, ഛത്തീസ്‌ഗഢ്,‌ കേന്ദ്രഭരണപ്രദേശമായ പുതുശ്ശേരി എന്നിവിടങ്ങളിലാണ് കോൺഗ്രസിനു ഭരണം‌. ഭരണം കൈയിൽകിട്ടിയ കർണാടകയും  മധ്യപ്രദേശും കളഞ്ഞുകുളിച്ചു. ഗുജറാത്തിൽ നല്ല പങ്ക്‌ എംഎൽഎമാരെ നഷ്ടപ്പെട്ടു. ഛത്തീസ്‌ഗഡിലും പഞ്ചാബിലും ആഭ്യന്തരപ്രശ്‌നം കുറവല്ല. രാജസ്ഥാനിൽ സർക്കാർ രൂപീകരണംമുതൽ അങ്കംവെട്ടുന്ന അശോക്‌ ഗെലോട്ടിനെയും സച്ചിൻ പൈലറ്റിനെയും നിലയ്ക്ക് നിര്‍ത്താന്‍ ​ഹൈക്കമാന്‍ഡിനായില്ല. രാജസ്ഥാനിൽ കോൺഗ്രസ്‌ ഭരണം തുടരുന്നത്‌, മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോട്‌  ബിജെപി ദേശീയനേതൃത്വത്തിനു  താൽപര്യമില്ലാത്തതു കൊണ്ടുമാത്രം.
അവസരവാദികളുടെ കൂടാരം

മുതിർന്ന നേതാക്കളും താരതമ്യേന യുവതലമുറയും തമ്മിലുള്ള സംഘർഷമായി  കോൺഗ്രസിലെ പ്രതിസന്ധി ലഘൂകരിക്കാനാകില്ല. അധികാരം മാത്രം ലക്ഷ്യമിട്ടുള്ള ആൾക്കൂട്ടമായി ദേശീയപാര്‍ടി ചുരുങ്ങി.‌ അധികാരത്തിൽ പങ്കില്ലാത്തവരോ കിട്ടാൻ സാധ്യതയില്ലാത്തവരോ മറുകരയിലേക്ക് ചാടുന്നു. യുവനേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ മാർച്ചിൽ മധ്യപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിനെ തകർത്ത്‌ ബിജെപിയിൽ ചേക്കേറി. സിന്ധ്യ വഴി ബിജെപിയുമായി ചർച്ചകൾ നടത്തുകയാണ്.‌ സച്ചിൻ പൈലറ്റ്‌ സ്വന്തമായി പാർടി രൂപീകരിക്കാനും നീക്കമുണ്ട്. ഇതിനും ബിജെപിയുടെ പരോക്ഷ സഹായമുണ്ടാകും.കെട്ടിയിറക്കിയ രാഹുൽബ്രിഗേഡ്‌ നേതാക്കൾ ‘കരിയറിസ്‌റ്റുകൾ’ മാത്രമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഇതാണ് കോൺഗ്രസിന്റെ പൊതുസ്വഭാവമെന്ന്‌ ചരിത്രം സാക്ഷി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top