06 December Friday

"കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ല, ബിജെപിയുടെ കെണിയിൽ വീഴില്ല'; വിമർശിച്ച് രജനീകാന്ത് രംഗത്ത്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ചെന്നൈ >  ബിജെപിയെ വിമർശിച്ച് സൂപ്പര്‍ സ്റ്റാർ രജനീകാന്ത് രംഗത്ത്. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. തന്നെ കാവിവൽകരിക്കാനാണ് ബിജെപി ശ്രമിച്ചത്‌.  തിരുവള്ളുവരെപ്പോലെ എനിക്കും കാവി പൂശാനാണ് ശ്രമിച്ചത്. ഞാനും തിരുവള്ളുവരും അവരുടെ കുരുക്കിൽ വീണില്ലെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ് കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് രജനീകാന്തിന്‍റെ പ്രതികരണം.

 രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ബിജെപി നേതാവ് പൊന്‍രാധാകൃഷ്ണന്‍ രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജനികാന്തിനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ താരത്തിന്റെ പ്രസ്താവന. ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡാണ് രജനിക്ക് സമ്മാനിക്കുക.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top