12 November Tuesday

റെയിൽവേ ആയിരത്തിലധികം തസ്‌തിക നിർത്തുന്നു

എം പ്രശാന്ത‌്Updated: Wednesday Oct 23, 2019

ന്യൂഡൽഹി >  റെയിൽവേയിൽ സ്വകാര്യവൽക്കരണം തീവ്രമാക്കിയതിനൊപ്പം ആയിരത്തിലേറെ ഗ്രൂപ്പ്‌ എ തസ്‌തികകൾ അവസാനിപ്പിക്കാൻ നടപടി ആരംഭിച്ചു. 705 തസ്‌തിക അടിയന്തരമായി ഇല്ലാതാക്കാനാണ്‌ തീരുമാനം. 440 തസ്‌തിക  അഞ്ചുവർഷത്തിനകം ഘട്ടംഘട്ടമായി അവസാനിപ്പിക്കും.  2015 ജനുവരി ഒന്നിനുശേഷം സൃഷ്ടിച്ച ഗ്രൂപ്പ്‌ എ തസ്‌തികകൾ തുടരേണ്ടതിന്റെ ആവശ്യകത പരിശോധിക്കും. 

ഗ്രൂപ്പ്‌ എ തസ്‌തികകളുടെ പുനഃസംഘടന വിശദമാക്കി കഴിഞ്ഞ വെള്ളിയാഴ്‌ച റെയിൽവേ ബോർഡ്‌ പുറത്തിറക്കിയ കുറിപ്പിലാണ്‌ ആയിരത്തിലേറെ തസ്‌തിക  ഇല്ലാതാക്കാനുള്ള നീക്കം വിശദീകരിക്കുന്നത്‌.  നിലവിൽ ആളില്ലാത്ത തസ്‌തികകളാകും പെട്ടെന്ന്‌ അവസാനിപ്പിക്കുക. തുടർന്ന്‌ ആളുള്ള തസ്‌തികകളും അവസാനിപ്പിക്കും.  നിലവിലുള്ളവർ ഏതു തീയതിയിലാണ്‌ വിരമിക്കുന്നതെന്ന്‌ പരാമർശിച്ചുകൊണ്ടാകും തസ്‌തിക അവസാനിപ്പിക്കൽ.

അഞ്ചുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഇല്ലാതാക്കേണ്ട 440 തസ്‌തിക പ്രത്യേക പൂളിലേക്ക്‌ മാറ്റും. ഇവിടെ വിരമിക്കുന്ന മുറയ്ക്ക്‌  നിയമനമുണ്ടാകില്ല. 2015 ജനുവരി ഒന്നിനുശേഷം സൃഷ്ടിച്ച തസ്‌തികകൾ നിലവിൽ അവസാനിപ്പിക്കേണ്ടതില്ലെങ്കിലും അവ തുടരേണ്ടതിന് വിശദമായ ന്യായീകരണം തയ്യാറാക്കി സമർപ്പിക്കണമെന്നും- ജനറൽ മാനേജർമാർക്കും ഡിജിമാർക്കും  റെയിൽവേ ബോർഡ്‌ അയച്ച കുറിപ്പിൽ വ്യക്തമാക്കി.

റെയിൽവേ അക്കൗണ്ട്‌സ്‌, പേഴ്‌സണൽ, ട്രാഫിക്ക്‌, എൻജിനിയറിങ്‌, മെക്കാനിക്കൽ എൻജിനിയറിങ്‌, സ്‌റ്റോഴ്‌സ്‌, സിഗ്‌നൽ എൻജിനിയേഴ്‌സ്‌  എന്നീ ഗ്രൂപ്പ്‌ എ സർവീസുകളിലാണ്‌ തസ്‌തിക  ഇല്ലാതാക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top