23 August Friday

രാഹുൽ അധ്യക്ഷസ്ഥാനത്ത്‌ തുടരുമെന്ന‌് വക്താവ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ന്യൂഡൽഹി > രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായി തുടരുമെന്ന‌് കോൺഗ്രസ‌് വക്താവ‌് രൺദീപ‌്സിങ‌് സുർജെവാല. നേതാക്കളുടെ അനൗപചാരിക കൂടിയാലോചനയ‌്ക്കുശേഷം മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് തകർന്നടിയുകയും അമേഠിയിൽ തോൽക്കുകയും ചെയ‌്തതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന‌് പ്രഖ്യാപിച്ചിരുന്നു.

പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെങ്കിലും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ‌് രാഹുൽ  പ്രതികരിച്ചത‌്. കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ‌് സുർജെവാലയുടെ  പ്രതികരണം.

അതേസമയം, ഉത്തർപ്രദേശ‌് തെരഞ്ഞെടുപ്പ‌ു ഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ‌് ആരോപണങ്ങൾ ഉന്നയിച്ചു. മുതിർന്ന നേതാവ‌് ഗുലാം നബി ആസാദ‌് സീറ്റുകൾ കച്ചവടം നടത്തിയെന്ന‌് കെ കെ ശർമ എംഎൽഎ ആരോപിച്ചു. കിഴക്കൻ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവർത്തനശൈലിയെയും ശർമ രൂക്ഷമായി വിമർശിച്ചു. തുടർന്ന‌് ഇറങ്ങിപ്പോകാൻ ശർമയോട‌് സിന്ധ്യ ആവശ്യപ്പെട്ടു.
ഗാസിയാബാദ‌് ജില്ലാ കോൺഗ്രസ‌് അധ്യക്ഷൻ ഹരേന്ദ്ര കസാന സ്ഥാനാർഥിയായിരുന്ന ഡോളി ശർമയ‌്ക്കെതിരെ പരാതിപ്പെട്ടു. തുടർന്ന‌് ഡോളി ശർമയുടെ അച്ഛൻ നരേന്ദ്ര ഭരദ്വാജും കസാനയും തമ്മിൽ വാക്കുതർക്കമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top