03 June Saturday
രാഹുലിനെ പിന്തുണച്ച്‌ കെജ്‌രിവാളും ഹേമന്ദ്‌ സോറനും

അന്ന്‌ ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞു ; 2013ലെ രാഹുലിന്റെ നടപടി ചർച്ചയാകുന്നു

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023


ന്യൂഡൽഹി
ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുന്നതിന്‌ വഴിയൊരുക്കുന്ന 2013ലെ സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞത്‌ രാഹുൽ ഗാന്ധി. ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ്‌ പ്രകാരം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക്‌ അപ്പീൽ നൽകാൻ മൂന്നുമാസത്തെ സാവകാശം നിലവിലുണ്ടായിരുന്നു. എന്നാൽ, 2013 ജൂലൈയിൽ ലില്ലിതോമസ്‌–-യൂണിയൻ ഓഫ്‌ ഇന്ത്യ കേസിൽ സുപ്രീംകോടതി ഈ വ്യവസ്ഥ റദ്ദാക്കി. തുടർന്ന്‌ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുമെന്ന സാഹചര്യമുണ്ടായി. ഇത്‌ മറികടക്കാൻ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഓർഡിൻസിന്‌  നീക്കം തുടങ്ങി. ഈ ഓർഡിനൻസ്‌ ‘ശുദ്ധ അസംബന്ധമാണെന്ന്‌’ വിമർശിച്ചാണ്‌ രാഹുൽ വാർത്താസമ്മേളനത്തിൽ അത്‌ ചീന്തിയെറിഞ്ഞത്‌.

പ്രധാനമന്ത്രി മൻമോഹൻസിങ് വിദേശപര്യടനത്തിലായിരിക്കെ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റായിരുന്ന രാഹുൽ നടത്തിയ ‘ഓർഡിനൻസ്‌ കീറൽ’ വലിയ ചർച്ചയായി.  തുടർന്ന്‌ ഓർഡിനൻസ്‌ നീക്കം യുപിഎ സർക്കാർ ഉപേക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം കോൺഗ്രസ്‌ എംപിയായിരുന്ന റഷീദ്‌ മസൂദ്‌, ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌യാദവ്‌, ജെഡിയു നേതാവ്‌ ജഗദീഷ്‌ശർമ തുടങ്ങിയവർക്കും എംപി സ്ഥാനം നഷ്ടപ്പെട്ടു. 2014ൽ ഡിഎംകെ എംപി ടി എം ശെൽവഗണപതി, 2018ൽ ജാർഖണ്ഡ്‌ എംഎൽഎ അനോഷ്‌ എക്കാ, 2022ൽ സമാജ്‌വാദ്‌പാർടി എംഎൽഎ അസംഖാൻ തുടങ്ങിയവരും അയോഗ്യരാക്കപ്പെട്ടു. വധശ്രമക്കേസില്‍ ലക്ഷദ്വീപ്  എംപി  മുഹമ്മദ് ഫൈസലും അയോഗ്യനാക്കപ്പെട്ടു. ഫൈസലിന്റെ അപ്പീൽ നിലനിൽക്കെത്തന്നെ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പിനും തീരുമാനിച്ചു.  വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പിൻവലിക്കേണ്ടി വന്നു.  എന്നാൽ  ലോക്‌സഭാ സെക്രട്ടറി ജനറൽ അയോഗ്യത പിൻവലിച്ചിട്ടില്ല. വ്യാഴാഴ്‌ച ക്രിമിനൽ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി രണ്ടുവർഷം ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹവും എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കപ്പെട്ടെന്ന വാദവുമായി ബിജെപി രംഗത്തെത്തി. 
രാഹുൽ അയോഗ്യതാമുനമ്പിൽ നിൽക്കുന്ന സാഹചര്യത്തിൽ 2013ൽ ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞ അദ്ദേഹത്തിന്റെ നടപടി സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്‌.

രാഹുലിനെ പിന്തുണച്ച്‌ കെജ്‌രിവാളും ഹേമന്ദ്‌ സോറനും
മോദി സമുദായത്തെ അവഹേളിച്ചതിന്‌ രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാഹുൽ ഗാന്ധിക്ക്‌ പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ്‌ കെജ്‌രിവാൾ.  കോൺഗ്രസിനോട്‌ വിയോജിപ്പുണ്ട്‌. എന്നാൽ, ഇത്തരമൊരു അപകീർത്തി കേസിൽ രാഹുലിനെ കുറ്റക്കാരനാക്കുന്നത്‌ ശരിയല്ല. ചോദ്യങ്ങൾ ചോദിക്കുകയെന്നത്‌ ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്വമാണ്‌. കോടതിയെ ബഹുമാനിക്കുന്നു, തീരുമാനത്തോട്‌ വിയോജിക്കുന്നു–- കെജ്‌രിവാൾ ട്വീറ്റ്‌ ചെയ്‌തു.

ബിജെപി ഇതര സർക്കാരുകളെയും നേതാക്കളെയും ഗൂഢാലോചനയുടെ ഇരകളാക്കുകയാണെന്ന്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ്‌ സോറൻ പ്രതികരിച്ചു.

രാഹുലിന്‌ ചെറിയ ശിക്ഷ വിധിക്കുന്നത്‌  
മോശം സന്ദേശം നൽകുമെന്ന്‌ കോടതി
ജനപ്രതിനിധിയായ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്‌ സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നതിനാൽ ചെറിയ ശിക്ഷ നൽകാൻ കഴിയില്ലെന്ന്‌ സൂറത്ത്‌ കോടതി. എംപിയായ രാഹുൽ നടത്തുന്ന പ്രസ്‌താവനകൾക്കും പരാമർശങ്ങൾക്കും വലിയ ജനശ്രദ്ധ ലഭിക്കും.  ഈ സാഹചര്യത്തിൽ, ലഘുവായ ശിക്ഷ നൽകിയാൽ അത്‌ സമൂഹത്തിന്‌ മോശം സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു.

വിധിന്യായം പിഴവുകൾ നിറഞ്ഞത്‌: കോൺഗ്രസ്‌
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത്‌ കോടതി വിധിക്കെതിരായി എത്രയും വേഗം അപ്പീൽ നൽകുമെന്ന്‌ കോൺഗ്രസ്‌. പൂർണമായും പിഴവുകൾ നിറഞ്ഞതാണ്‌ വിധിന്യായം. അവ നിയമപരമായി നിലനിൽക്കില്ലെന്ന്‌ മുതിർന്ന അഭിഭാഷകനായ അഭിഷേക്‌ മനു സിങ്‌വി വാർത്താസമ്മേളനത്തിൽ പറഞ്ഞു.   രാഹുലിന്റെ പ്രസംഗം കർണാടകത്തിലെ കോലാറിലായിരുന്നു. ക്രിമിനൽ നടപടിചട്ടം 202 പ്രകാരം സൂറത്ത് കോടതിയല്ല കേസ്‌ കേൾക്കേണ്ടത്‌. നടപടികളിലേക്ക്‌ കടക്കേണ്ടതും സൂറത്ത്‌ കോടതിയല്ല. പുതിയ മജിസ്‌ട്രേട്ടാണ്‌ ശിക്ഷ വിധിച്ചത്‌. അപകീർത്തി കേസിൽ പരാതിക്കാരൻ അപകീർത്തിക്ക്‌ ഇരയായ ആൾ തന്നെയാകണം. രാഹുൽ വിമർശിച്ചത്‌ പ്രധാനമന്ത്രിയെയാണ്‌. അദ്ദേഹമാണ്‌ പരാതി നൽകേണ്ടിയിരുന്നതെന്നും– സിങ്‌വി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top