18 June Tuesday

രാഹുലിന‌് വയനാട്ടിൽ കണ്ണ‌്

സ്വന്തം ലേഖകൻUpdated: Sunday Mar 24, 2019

ന്യൂഡൽഹി > സിറ്റിങ് മണ്ഡലമായ അമേഠിയിൽ പരാജയം മുന്നിൽക്കാണുന്ന രാഹുൽ ഗാന്ധി സുരക്ഷിതമെന്ന‌് കോൺഗ്രസുകാർ കരുതുന്ന വയനാട്ടിലും മത്സരിച്ചേക്കുമെന്ന‌് സൂചന. കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും ഹൈക്കമാൻഡ‌്  തീരുമാനം എടുത്തിട്ടില്ല.

നാല‌് പതിറ്റാണ്ടായി കോൺഗ്രസിന്റെ പ്രമുഖനേതാക്കളാണ‌് അമേഠിയെ ലോക‌്സഭയിൽ പ്രതിനിധാനംചെയ്യുന്നത‌്. അമേഠിയിൽ നിന്ന‌് 2009ൽ 3.70 ലക്ഷം വോട്ട‌ിന‌് ജയിച്ച രാഹുലിന്റെ ഭൂരിപക്ഷം 2014ൽ 1.07 ലക്ഷമായി കുത്തനെ ഇടിഞ്ഞു. 2017ലെ നിയമസഭാതെരഞ്ഞെടുപ്പിൽ അമേഠിയിലെ അഞ്ച‌് മണ്ഡലത്തിലും കോൺഗ്രസ‌് പരാജയപ്പെട്ടു.

ഈ സാഹചര്യത്തിൽ രാഹുലിന‌് മത്സരിക്കാൻ കർണാടകത്തിലോ തമിഴ‌്നാട്ടിലോ മഹാരാഷ്ട്രയിലോ ഏതെങ്കിലും സുരക്ഷിതമണ്ഡലം കോൺഗ്രസ‌് നേതൃത്വം അന്വേഷിച്ചിരുന്നു.  ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുംമുമ്പ‌്  രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന‌് കേരളത്തിലെ പ്രമുഖ കോൺഗ്രസ‌് നേതാക്കൾ ശനിയാഴ‌്ച  പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, ഈ അവസരത്തിൽ വാർത്തകൾ വന്നതിന‌് പിന്നിൽ ദുരൂഹതയുണ്ടെന്നാണ‌് എഐസിസി വൃത്തങ്ങളിൽനിന്ന‌് ലഭിക്കുന്ന സൂചന. വയനാട്ടിൽ ടി സിദ്ദിഖ‌് കോൺഗ്രസ‌് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത വന്നതിന‌് പിന്നാലെ ചില കേന്ദ്രങ്ങളിൽനിന്ന‌് ശക്തമായ എതിർപ്പുയർന്നു. ഈ സാഹചര്യം മുതലെടുത്താണ‌് ഹൈക്കമാൻഡിനെ മറികടന്ന‌് സംസ്ഥാനനേതാക്കൾ സ്വന്തംനിലയ‌്ക്ക‌് രാഹുലിന്റെ പേര‌്  പ്രഖ്യാപിച്ചത‌്.

രാഹുലിനെ വയനാട്ടിൽ നിർദേശിച്ചത‌് ദേശീയതലത്തിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ‌് ഹൈക്കമാൻഡ‌്. എതിർസ്ഥാനാർഥിയായ സ‌്മൃതി ഇറാനിയെ ഭയന്ന‌് രാഹുൽ വയനാട്ടിൽ അഭയംതേടുന്നുവെന്ന  വാർത്തകളാണ‌് ദേശീയമാധ്യമങ്ങളിലുള്ളത‌്. ഈ സാഹചര്യത്തിൽ  തീരുമാനം എടുക്കാനാകാതെ നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ‌്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ശനിയാഴ‌്ച പകൽ രണ്ടിന‌് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുമെന്ന‌് ചാനലുകൾ വാർത്ത നൽകി. എന്നാൽ, ദേശീയനേതൃത്വത്തിന്റെ ഭാഗത്തുനിന്ന‌് സ്ഥിരീകരണമുണ്ടാകാത്തതിനാൽ പ്രഖ്യാപനം ഞായറാഴ‌്ചത്തേക്ക‌് മാറ്റി.
കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും  ഈ വിഷയത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും കോൺഗ്രസ‌് വക്താവ‌് രൺദീപ‌് സുർജെവാല പ്രതികരിച്ചു. കേരളത്തിലെ നേതാക്കളുടെ ആവശ്യം താൽപ്പര്യപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുമെന്ന‌് നിയുക്‌ത യുഡിഎഫ്‌ സ്ഥാനാർഥി ടി സിദ്ദിഖ‌് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറെ പോരാടി നേടിയ സീറ്റ‌് രാഹുലിനായി വിട്ടുകൊടുക്കുന്നതിൽ അഭിമാനമുണ്ടെന്നും സിദ്ദീഖ‌് പറഞ്ഞു. നേരത്തെ വയനാട‌് സീറ്റിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ സി വേണുഗോപാലിന്റെയും ഷാനി മോൾ ഉസ‌്മാന്റെയും പേര‌് ഉയർന്നുവന്നിരുന്നു. ഒടുവിൽ ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റ‌് എ ഗ്രൂപ്പ‌് വെട്ടിപ്പിടിച്ചാണ‌് സിദ്ദീഖിനെ സ്ഥാനാർഥിയാക്കിയത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top