18 June Tuesday

ചരിത്രപരാജയം; അമേഠിയിൽ രാഹുൽ തോറ്റു

സ്വന്തം ലേഖകൻUpdated: Friday May 24, 2019

ന്യൂഡൽഹി
കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക‌് അമേഠിയിൽ ചരിത്രപരാജയം. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ‌്മൃതി ഇറാനിയോട‌് 49,091 വോട്ടിനാണ് പരാജയം. രാഹുൽഗാന്ധി 2004 മുതൽ പ്രതിനിധാനം ചെയ‌്തുവന്ന മണ്ഡലത്തിൽ ഇത്തവണ സ‌്മൃതി ഇറാനി 50.11 ശതമാനം വോട്ട‌് നേടി. 

കഴിഞ്ഞതവണതന്നെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2009നെ അപേക്ഷിച്ച‌് പകുതിയായി കുറഞ്ഞിരുന്നു. ജയിച്ചശേഷം വിരലിലെണ്ണാവുന്ന തവണമാത്രമാണ‌് രാഹുൽ അമേഠി സന്ദർശിച്ചത‌്.  ഒരോ തവണ സന്ദർശിക്കുമ്പോഴും ‘അടുത്ത 10–-15 വർഷത്തിനുള്ളിൽ അമേഠിയെ കാലിഫോർണിയയുടെയും സിംഗപ്പുരിന്റെയും നിലവാരത്തിലേക്ക‌് ഉയർത്തുമെന്ന‌് അവകാശപ്പെടും’. ഇത‌് മാധ്യമങ്ങളിൽ വാർത്തയാകും. ഇതിനപ്പുറം ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്ത‌ുനിന്ന‌്  ഇടപെടലൊന്നുമുണ്ടായില്ല. 2009ൽ പ്രിയങ്ക ഗാന്ധി  അമേഠി സന്ദർശിച്ചപ്പോൾ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ മണ്ഡലം ഏറെ പിന്നിലാണെന്ന‌് അവർ  തുറന്നുസമ്മതിച്ചിരുന്നു. വീണ്ടും 10 വർഷം കഴിഞ്ഞിട്ടും മണ്ഡലത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

അമേഠിയിലെ വികസനമുരടിപ്പ‌് പരിഹരിക്കാൻ ഒന്നുംചെയ്യാത്ത രാഹുലിന‌ുവേണ്ടി ഇക്കുറിയും വോട്ട‌് പാഴാക്കരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ‌് ബിജെപി  പ്രചാരണം നടത്തിയത‌്.   രാഹുലിന‌് കർഷകരുടെ ഭാഗത്ത‌ുനിന്ന‌് വലിയ പ്രതിഷേധം നേരിടേണ്ടിവന്നു. രാജീവ‌് ഗാന്ധി എംപിയായിരുന്ന കാലയളവിൽ സമ്രാട്ട‌് സൈക്കിൾ ഫാക്ടറിക്ക‌ുവേണ്ടി ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകണമെന്ന‌് ആവശ്യപ്പെട്ടാണ‌് കർഷകർ രംഗത്തെത്തിയത‌്. പദ്ധതിക്കായി ഏറ്റെടുത്ത 65.57 ഏക്കർ ഭൂമി രാജീവ‌് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ‌് വളഞ്ഞവഴിക്ക‌് സ്വന്തമാക്കിയെന്നും ആക്ഷേപമുണ്ട‌്. 

സ‌്മൃതി ഇറാനി മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 2017 നിയമസഭാതെരഞ്ഞെടുപ്പിൽ അമേഠി ലോക‌്സഭാ മണ്ഡലത്തിലെ അഞ്ച‌് നിയമസഭാമണ്ഡലത്തിൽ ഒന്നിൽപോലും ജയിക്കാൻ കോൺഗ്രസിന‌് കഴിഞ്ഞിരുന്നില്ല. അമേഠിയില്‍ തോല്‍വി ഭയന്നാണ്  രാഹുൽ വയനാട്ടിൽ സുരക്ഷിതത്വം നേടിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top