23 April Friday

രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ പരാമർശം : കോൺഗ്രസ്‌‌ വെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ന്യൂഡൽഹി
ഉത്തരേന്ത്യൻ രാഷ്ട്രീയം മടുപ്പിച്ചെന്ന തരത്തിൽ രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ പരാമർശം കോൺഗ്രസിന്‌ തിരിച്ചടിയായി. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരിച്ചുവരവിന്‌ ശ്രമിക്കുന്ന കോൺഗ്രസിന്‌ പരാമര്‍ശം തലവേദനയായി. ഉത്തരേന്ത്യയെ അപമാനിച്ചെന്ന വ്യാഖ്യാനമുയര്‍ത്തുകയാണ് ബിജെപിനേതാക്കളും കേന്ദ്ര മന്ത്രിമാരും. ആദ്യത്തെ 15 വർഷം താൻ വടക്കേ ഇന്ത്യയിൽനിന്നുള്ള എംപിയായിരുന്നെന്നും അതുകൊണ്ട്‌ വ്യത്യസ്‌തമായ രാഷ്ട്രീയമാണ്‌ അനുഭവപ്പെട്ടിരുന്നതെന്നുമാണ്‌ രാഹുൽ പറഞ്ഞത്‌. കേരളത്തിലേക്ക്‌ വരുമ്പോഴാണ്‌ ‌ഉണർവ് കിട്ടാറുള്ളതെന്നും പറഞ്ഞു.

യുപിയും ബിഹാറും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ തകർന്ന നിലയിലാണ്‌. അമേഠിയിൽ രാഹുൽ തോറ്റതും ക്ഷീണമായി. പ്രിയങ്കയെ മുൻനിർത്തി യുപിയിൽ തിരിച്ചുവരവിന്‌ ഏറെ കാലമായി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ല. ജ്യോതിരാധിത്യ സിന്ധ്യയെ പോലുള്ളവര്‍ ബിജെപിയിൽ ചേര്‍ന്നതോടെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കുപോലും ആത്‌മവിശ്വാസം നഷ്ടപ്പെട്ടു. മധ്യപ്രദേശിൽ ഭൂരിപക്ഷം നേടിയിട്ടും ഭരണം നഷ്ടപ്പെട്ടു. സച്ചിൻ പൈലറ്റ്‌ ഇടഞ്ഞതോടെ രാജസ്ഥാനിലും കോൺഗ്രസ്‌ സർക്കാർ നിലംപൊത്തൽ ഭീതിയിലാണ്‌. ഗുജറാത്തിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞു. എഎപി ജയിച്ചുകയറി. ബിജെപിയെ ചെറുക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന്‌‌ ഗുജറാത്ത്ഫലം കൂടുതൽ വ്യക്തമാക്കി‌. ഈവിധം ദുർബലമായ കോൺഗ്രസിന് രാഹുലിന്റെ പരാമർശം വലിയ കുരുക്കായി.

വയനാട്ടിൽ കൂടി മത്സരിക്കാൻ രാഹുൽ തീരുമാനിച്ചതാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന വിമർശം കോൺഗ്രസിലുണ്ട്.  അമേഠി ഉപേക്ഷിച്ച്‌ കേരളത്തിലേക്ക്‌ ഒളിച്ചോടിയെന്നാണ് ബിജെപി പ്രചാരണം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top