ന്യൂഡൽഹി > രാജസ്ഥാനിൽ ഡിസംബറിൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയം ഉറപ്പല്ലെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കടുത്ത മൽസരമാണെന്ന് അസമിലെ പ്രതിദിൻ മീഡിയ നെറ്റ്‌വർക്ക് ഒരുക്കിയ കോൺക്ലേവിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൽസരം കടുപ്പമാണെങ്കിലും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെലങ്കാനയിൽ ജയത്തിന് സാധ്യതയുണ്ട്. മധ്യപ്രദേശിലും ഛത്തിസ്‌ഗഢിലും ഉറപ്പായും ജയിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടുന്ന ഫലമുണ്ടാകും.
കർണാടക തെരഞ്ഞെടുപ്പിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ കോൺഗ്രസ് സമീപിക്കുന്നത്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചാണ് ബിജെപി ജയിക്കുന്നത്. നമ്മുടേതായ അജൻഡ സൃഷ്ടിക്കാൻ ബിജെപി അനുവദിക്കില്ല. കർണാടകയിൽ അജൻഡ സൃഷ്ടിക്കാൻ കോൺഗ്രസിനായി. തെലങ്കാനയിലും ആ സ്ഥിതിയുണ്ട്. തെലങ്കാനയിൽ ബിജെപി ചിത്രത്തിലേയില്ല.
ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡാനിഷ് അലിയ്‌ക്കെതിരെ രമേശ് ബിദുരിയും നിഷികാന്ത് ദൂബെയുമൊക്കെ രംഗത്തുവരുന്നത്. ശ്രദ്ധ വഴിതിരിച്ചു വിടലാണ് അവരുടെ ലക്ഷ്യം. ജാതി സെൻസസ് ചർച്ചയാകാൻ അവർ താൽപ്പര്യപ്പെടുന്നില്ല - രാഹുൽ പറഞ്ഞു.
ക്രിക്കറ്റിനോട് വലിയ താൽപ്പര്യമില്ലെന്നും ഫുട്‌ബോളാണ് ഇഷ്ടമെന്നും രാഹുൽ പറഞ്ഞു. അതുകൊണ്ട് രോഹിത്തിനെയാണോ കോഹ്‌ലിയെയാണോ കൂടുതൽ ഇഷ്ടമെന്ന് പറയാനാവില്ല. ഫുട്‌ബോൾ താരങ്ങളിൽ വ്യക്തി എന്ന നിലയിൽ റൊണാൾഡോയെയാണ് ഇഷ്ടം. എന്നാൽ നല്ല കളിക്കാരൻ മെസിയാണ്–- രാഹുൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..