30 September Wednesday

രാജ്യത്ത് ഭീതി നിലനില്‍ക്കുന്നു, ഞാനത് തുറന്ന് പറയും; അമിത് ഷായുടെ മുഖത്ത് നോക്കി രാഹുല്‍ ബജാജ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

മുംബൈ> രാജ്യത്ത് ഭീതി നിലനില്‍ക്കുന്നുവെന്നും താനത് പറയുമെന്നും അമിത്ഷായുടെ മുഖത്ത് നോക്കി പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാര്‍ഡ് ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

'ഞങ്ങള്‍ ഭയപ്പെടുന്നു', അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസിലുണ്ട്. പക്ഷെ ആരും അതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും  പറയില്ല. പക്ഷെ ഞാന്‍ പറയും.നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട്'; അദ്ദേഹം പറഞ്ഞു

 അമിത് ഷായെ കൂടാതെ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ളാ, ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും വേദിയിലിരിക്കെയാണ് രാഹുല്‍ ബജാജ് ഇങ്ങനെ പറഞ്ഞത്.

വന്‍ കരഘോഷത്തോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ആളുകള്‍ എതിരേറ്റു. അതേസമയം, സര്‍ക്കാര്‍ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു  അമിത് ഷായുടെ പ്രതികരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം സമൂഹത്തിലുണ്ടായിട്ടുള്ള സ്പഷ്ടമായ ഭയമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ മുതിര്‍ന്ന വ്യവസായിയുടെ തുറന്ന് പറച്ചില്‍.

എന്റെ പേര് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല, ജവഹര്‍ലാല്‍ നെഹ്റുവാണ് തനിക്ക് 'രാഹുല്‍' എന്ന് നാമകരണം ചെയ്തതെന്ന് പറഞ്ഞ്ക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ഗോഡസയെ രാജ്യസ്നേഹിയെന്ന് പ്രജ്ഞാ സിങ് ലോക്സഭയില്‍ വിശേഷിപ്പിച്ചതിനേയുമടക്കം രാഹുല്‍ ബജാജ് ചടങ്ങില്‍ വിമര്‍ശിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top